Wednesday, March 6, 2019

ബൊക്കാറോ എക്സ്പ്രസ്സും ആലപ്പുഴയും

ബൊക്കാറോ എക്സ് പ്രസ്സും   ആലപ്പുഴ റെയിൽവേ സ്റ്റേഷനും
———————————————————
പേര് കേക്കുമ്പോൾ  തന്നെ ഒരു ഇതൊക്കെ തോന്നുന്ന ഈ  ട്രെയിൻ  , ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചു വടക്കെവിടെയോ ഉള്ള ബൊക്കാറോ സ്റ്റീൽ സിറ്റി എന്ന സ്ഥലത്തേക്കുള്ള എക്സ്പ്രസ്സ്  ട്രെയിൻ ആണെന്നും , രാവിലെ കൃത്യം ആറുമണിക്ക് ആലപ്പുഴ നിന്നും സ്റ്റാർട്ട് ചെയ്‌താൽ പിന്നെ എറണാകുളത്തേ  ഇതു നിർത്തു എന്ന പ്രാഥമിക  വിവരങ്ങൾ അറിയാം എന്നല്ലാതെ  ആലപ്പുഴയിൽ ജീവിച്ച കാലത്തൊന്നും ഇതിനെ ഞാൻ നേരിട്ട് കണ്ടിരുന്നില്ല .

എന്നും രാവിലെ നീണ്ട ചൂളം വിളികളാൽ  ആലപ്പുഴയിൽ നിന്നും പുറപ്പാട് അറിയിച്ചും  , ചുരുങ്ങിയ സമയത്തിനുള്ളിൽ  അല്പം അകലെ മാത്രമുള്ള റെയിൽവേ ട്രാക്ക്  വിറപ്പിച്ചു ശബ്ദകോലാഹലത്തോടെ  പാഞ്ഞു അകന്നും , എന്നെങ്കിലും ലേറ്റ് ആയാൽ " ഇന്ന് ബൊക്കാറോ ലേറ്റ് ആണല്ലോ " എന്ന  എന്തിനെന്നറിയാതെ ആത്മഗതങ്ങൾ കൊണ്ടും , ഇത് ഞങ്ങടെയൊക്കെ ദൈനംദിന ജീവിതത്തിലെ ഒരു അദൃശ്യ    സാന്നിധ്യം ആയി നിന്നിരുന്നു .

വർഷങ്ങൾ പിന്നിട്ടു  ജീവിതം പലവഴി തിരിഞ്ഞു ഒടുവിൽ ഒരു കമ്പനിയിൽ കസ്റ്റമർ സപ്പോർട്ട് എന്ന യാത്ര ഏറെ ഉള്ള ജോലി ആയി ഇന്ത്യയുടെ പലഭാഗത്തും യാത്ര തുടങ്ങി . അങ്ങനെ 2004 ൽ ,ഭുവനേശ്വറിൽ  ഒരാഴ്ച ചിലവഴിച്ച ശേഷം ധൻബാദ് എന്ന പട്ടണത്തിലേക്കു യാത്ര തിരിച്ചു .  രാത്രി വൈകി യാത്ര തുടങ്ങുന്ന  ഒരു ട്രെയിനിൽ , ഹൗറയിൽ ഇറങ്ങി  അല്പം കാത്തിരിപ്പിന് ശേഷം ധൻബാദിലേക്കു പോകാൻ ആയിരുന്നു പ്ലാൻ . സപ്പോർട്ട് ടീമിന്റെ  യാത്ര നിർദേശം ," ധൻബാദ് ആണ് സ്ഥലം , ഒരല്പം ശ്രദ്ധിക്കുന്നത് നല്ലതാണ് " എന്ന് ആയിരുന്നു  .
തണുത്തു മരവിച്ച  ഒരു  ദിവസം , നേരം വെളുത്തിട്ടും അന്തരീക്ഷത്തിൽ കട്ടപിടിച്ചു നിൽക്കുന്ന പുകമഞ്ഞു പുറത്തുള്ള കാഴ്ച്കൾ ഒക്കെ മറച്ചിരുന്നു . നീണ്ട യാത്രക്ക് ശേഷം  സ്റ്റേഷൻ എത്താറായി എന്ന് സൂചിപ്പിക്കുംപോലെ ട്രെയിനിന്റെ വേഗം മന്ദ ഗതിയിലായി , എണ്ണമില്ലാതെ കിടക്കുന്ന പാളങ്ങൾ മാറിമാറി ഏതോ പ്ലാറ്റഫോമിലേക്കു പതിയെ അടുക്കുകയാണ് എന്ന് തോന്നുംപോലെ ചക്രങ്ങൾ വിചിത്ര സ്വരങ്ങൾ കേൾപ്പിച്ചുകൊണ്ടിരുന്നു . അക്ഷമയോടും , മുൻപ് കിട്ടിയ മുന്നറിയിപ്പുകാരണം അല്പം പരിഭ്രമത്തോടും കൂടെ ഞാൻ ജനാലയിലൂടെയും , ബോഗിയുടെ വാതിലിലൂടെയും മാറി മാറി പുറത്തെ കാഴ്ചകൾ നോക്കി കൊണ്ടിരുന്നു , സ്റ്റേഷന്റെ ബോർഡ് ഇതുവരെ കാണാൻ പറ്റിയിട്ടില്ല . ചുറ്റുപാടും ഉള്ള ട്രാക്കുകളിൽ എൻജിനുകളും , ബോഗികളും ,അവയ്ക്കു  പിന്നിലെ മഞ്ഞ എക്സ്  ചിത്രവും കാണാൻ തുടങ്ങി . കൗതുകത്തോടെ റെയിൽവേ സ്റ്റേഷന്റെ പേര് ബോഗിയിൽ എഴുതിയിരുന്നത് വായിക്കാൻ നോക്കിയിരുന്ന ഞാൻ ആദ്യം കണ്ടത്  ,  മഞ്ഞ നെയിം ബോർഡിൽ എഴുതിയ കറുത്ത മലയാളം അക്ഷരങ്ങൾ ആണ് , "ആലപ്പുഴ - ധൻബാദ്- ആലപ്പുഴ , ബൊക്കാറോ എക്സ് പ്രസ്സ്  " . അപ്രതീക്ഷിതമായ ആ കാഴ്ച്ച എന്തിനാണോ എന്തോ എനിക്ക് ഭയങ്കര സന്തോഷം  തന്നു  , അടുത്തറിയുന്ന ആരോ ഒരാളെ തീരെ  പ്രതീക്ഷിക്കാത്ത സമയത്തും , സന്ദർഭത്തിലും കണ്ടുമുട്ടിയലെന്നവണ്ണം  ഉള്ള സന്തോഷം ..

"ഓക്കേ , ഇതിവിടെ എഴുതിയിടാൻ എന്തേലും കാരണം "

" പ്രത്യേകിച്ചൊന്നും ഇല്ല , ജോലിക്കു പോകാതെ വീട്ടിൽ ഇരുപ്പു തുടങ്ങിയപ്പോൾ കണ്ടു തീർത്ത സിനിമകളിൽ ഒന്നായ , ഗാങ്സ് ഓഫ് വസിപ്പൂർ ൽ ഒരു പോലീസ് സ്റ്റേഷന്റെ ബോർഡിൽ , ജില്ല : ധൻബാദ് , എന്ന് കണ്ടപ്പോൾ ഓർത്തതാണ് "

" അത്രേയുള്ളു "

"അത് മാത്രമല്ല , ഇന്ന് ഒക്ടോബര് 16 ,അല്ലെ ? "

"അതേ "

"ആലപ്പുഴ റെയിൽവേ സ്റ്റേഷൻ ഉൽഘാടനം ചെയ്തിട്ട് ഇന്ന് 28 വര്ഷം  തികയുകയാണ് . എറണാകുളം മുതൽ കായംകുളം വരെയുള്ള ,തീരദേശ റെയിൽ പാതയിലെ ആദ്യപാദം ആയിരുന്ന ആലപ്പുഴ - എറണാകുളം ലൈൻ യാത്രക്ക് തുറന്നതു 1989 , ഒക്ടോബര് 16 നു ആയിരുന്നു , പിന്നീട് 1992 ൽ ഈ പാത  കായംകുളം വരെ നീട്ടി.ഈ റൂട്ടിൽ   മേജർ സ്റ്റേഷനുകൾ ആയ ആലപ്പുഴ , ചേർത്തല , ഹരിപ്പാട് അടക്കം ,18 സ്റ്റേഷനുകൾ ഉണ്ട് , . 100 കിലോമീറ്റര് ഉള്ള , വൈദ്യുതീകരിച്ച ഈ തീരദേശ റെയിൽ പാതയിലൂടെ ,ഇപ്പോൾ ഇരുപതോളം
എക്സ് പ്രസ്സ്  ട്രെയിനുകളും  , ഏറെ പാസഞ്ചർ ട്രെയിനുകളും ഓടുന്നുണ്ട് .

ആലപ്പുഴയിൽ നിന്നും ആദ്യം സർവീസ് ആരംഭിച്ച എക്സ്പ്രസ്സ് ട്രെയിനുകളിൽ ഒന്നാണ് ബൊക്കാറോ
എക്സ് പ്രസ്സ്  എന്നറിയപ്പെടുന്ന  ആലപ്പി - ധൻബാദ്  എക്സ് പ്രസ്സ്

 ഇന്ത്യയിലെ തന്നെ ഏറ്റവും ജനപ്രിയമായ ടൂറിസ്റ്റ് സ്പോട് ആയി മാറാൻ ആലപ്പുഴയ്ക്ക് സഹായകം ആയതും  , വിവിധ  ആവശ്യങ്ങൾക്കായുള്ള   യാത്രകൾ ഏറെ സൗകര്യപ്രദം ആക്കി മാറ്റിയതും  ഈ റെയിൽ പാതയും സ്റ്റേഷനും ആണ് .

ആലപ്പുഴ റെയിൽവേ സ്റ്റേഷനും , തീരദേശ റെയിൽ പാതക്കും  ഇരുപത്തി എട്ടാം പിറന്നാൾ ആശംസകൾ .സുന്ദരിയായും , നിത്യ യൗവ്വനയുക്തയായും എക്കാലവും നിന്നെ കാണാൻ സാധിക്കട്ടെ എന്ന്  അത്യാഗ്രഹം മാത്രം ....

2 comments:

Areekkodan | അരീക്കോടന്‍ said...

ആലപ്പുഴ ടൂറിസ്റ്റ് മാപ്പിൽ
കൂടുതൽ അറിയപ്പെടാൻ റെറ്റിൽ ഗതാഗതം ഏറെ സഹായിച്ചിട്ടുണ്ട്.

Jayakrishnan K Nair said...

I was a regular traveller from Alleppy to Ernakulam during the year 1990 to 1993. It was an amazing experience and cannot forget those golden days for the lifetime.

Jayakrishnan K. Nair