Wednesday, March 6, 2019

കാവേരി

"രാത്രി പന്ത്രണ്ടു മണിക്ക് മുന്നേ ആഹാരം കഴിക്കണം , പിന്നെ കഴിക്കരുത് . രാവിലെ
ആറു  മണിക്കു മുന്നേ കാപ്പിയോ ചായയോ ആവാം . ഏഴര മണിക്ക് വാർഡിൽ റിപ്പോർട്ട് ചെയ്യണം , അതുവരെ വെള്ളം കുടിക്കാം, ഓപ്പറേഷൻ കഴിഞ്ഞു അന്നേദിവസം വൈകുന്നേരത്തോടെ  തിരികെ പോവാം , എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ വിളിക്കുക "

നിർദ്ദേശ രേഖയും വായിച്ചു ഞാൻ ഇരിക്കാൻ തുടങ്ങീട്ട് കുറച്ചായി , ഓപ്പറേഷന് പേടി ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ല. ധൈര്യമുണ്ടോ എന്ന് ചോദിച്ചാൽ അല്പം ധൈര്യക്കുറവുണ്ട് താനും . പിന്നെ ഒരു കാര്യം മാത്രമാണ് താല്പര്യം  തോന്ന്നിപ്പിക്കുന്നതു , അനസ്തേഷ്യ . പണ്ടെന്നോ വായിച്ചതാണ് , മയങ്ങാനുള്ള മരുന്ന് കുത്തി വെച്ചാൽ നല്ല സുന്ദരമായ , വിചിത്രമായ സ്വപ്‌നങ്ങൾ കാണാം എന്ന് ,അതൊന്നു അനുഭവിച്ചാൽ കൊള്ളാം എന്നുമുണ്ട് .

നിർദ്ദേശിച്ച പോലെ പ്രീ സർജിക്കൽ വാർഡിൽ ചെന്ന്  റിപ്പോർട്ട് ചെയ്തു , ഡ്രസ്സ് ഒക്കെ മാറി ഹോസ്പിറ്റൽ ഗൗണും നാപ്പി മാതിരി ഒരു ഇന്നർ വെയറും തന്നു , നല്ല ഇറുകിയ രണ്ടു സോക്സും . രണ്ടു നഴ്സുമാർ മാറി മാറി വന്നു പേരും ,വിലാസവും ഒക്കെ ചെക്ക് ചെയ്തു . മൂന്നാമത് വന്നവൾ ഒരു മുട്ടൻ സൂചി കൊണ്ട് കൈയിൽ കുത്തി ചോരയും എടുത്തു . കുത്തു കണ്ടപ്പോൾ ഓർമവന്നത് , മൃഗഡോക്ടർ പശുവിന്റെ കഴുത്തിൽ സൂചി കുത്തി കേറ്റുന്ന കാഴ്ചയാണ് ,  അമ്മാതിരിയാണ് ആയമ്മേടെ സ്കിൽ ,നല്ല  വേദനയും .

പിന്നെ അനസ്തറ്റിസ്റ്റും , സർജനും വന്നു കാര്യങ്ങൾ ഒന്നൂടെ വിശദീകരിച്ചു  . ശേഷം പ്രീപറേഷൻ  ഏരിയയിൽ , ഇപ്പറഞ്ഞതൊക്കെ  പിന്നെയും നടന്നു  സൂചി ഒഴിച്ച് . കുറെ പരിചിത മുഖങ്ങൾ , ഒന്നുരണ്ടു പേര് വന്നു കുശലം ചോദിക്കുകയും , പേടി ഉണ്ടോ എന്നൊക്കെ അന്വേഷിക്കുകയും ചെയ്തു .

അടുത്ത സീൻ ഓപ്പറേഷൻ തിയേറ്ററിൽ ആണ് , സിനിമയിൽ കാണുമ്പോലെ മോളിൽ ഒരു ലൈറ്റ് ഒക്കെ യുണ്ട് ,  കഷ്ടിച്ച് ഒതുങ്ങി കിടക്കാവുന്ന ഒരു ടേബിളും .

ഒരു സൂചി കൂടെ വേണം , ഇത്തവണ മയക്കുന്ന മരുന്ന് കടത്തി വിടാനാണ് , കൈപ്പത്തിക്ക് പുറകിൽ ഒരു ചുവന്ന സൂചി , നേരിയ വേദന മാത്രം .

" നിങ്ങൾ ഇന്ത്യയിൽ നിന്നാണോ ?" താടിക്കാരൻ അനസ്തറ്റിസ്റ്റിന്റെ ചോദ്യം .

"അതെ"

" ഓപ്പറേഷന്റെ സമയത്തു നിങ്ങൾക്കിഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുന്നത്  റിക്കവറി യെ  സഹായിക്കും എന്ന് ഇപ്പോൾ ഒരു  റിസേർച് തെളിയിച്ചിട്ടുണ്ട് , അതുകൊണ്ടു ഇവിടെ ഞങ്ങൾ എല്ലാ രോഗികൾക്കും അവർക്കിഷ്ടപ്പെട്ട പാട്ടുകൾ കേൾക്കാൻ ഉള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ട് "

"അതു കൊള്ളാമല്ലോ "

"ബോളിവുഡ് പാട്ടുകൾ വെക്കട്ടെ ? "

" മലയാളം പാട്ടു  കിട്ടുമോ ?"

" മല.. , മല.. ലാ , മലാല ....., ഇതേതു ഭാഷ ? "

"മലയാളം , ഫ്രം കേരള "

" താങ്കൾ തന്നെ സെലക്ട് ചെയ്തോളു  എന്ന് പറഞ്ഞു അയാൾ ഐപാഡ് എന്റെ കൈയിൽ തന്നു , എവർഗ്രീൻ മലയാളം സോങ്‌സ് നോക്കി രവീന്ദ്രൻ ഗാനങ്ങൾ തന്നെ സെലക്ട് ചെയ്‌തു , സിറിയക്കാരൻ  സർജനും , ബ്രിടീഷുകാരൻ അനസ്തറ്റിസ്റ്റും , ഫിലിപ്പീൻസ്കാരി  നഴ്സും കേൾക്കട്ടെ നമ്മടെ മലയാളം ...

പാട്ടുപാടുന്ന ഐപാഡ് തലയിണക്കടിയിൽ വെച്ച് തന്നു , നല്ല രസം , പാട്ടു മൂളിക്കൊണ്ടു കിടന്നു  ...

പാല് കലക്കിയ പോലെ ഒരു മരുന്ന് കൈയിലേക്ക് കടത്തി വിടുന്നത് കാണാം . പതിയെ കണ്പോളകൾക്കു കനം വെച്ച് തുടങ്ങി , കാഴ്ച മങ്ങുന്നുണ്ടോ എന്നൊരു സംശയം .
പണ്ടെപ്പോഴോ  ഭാംഗ്  കലക്കിയ പാല് കുടിച്ച പോലെ ഒരു ലൈറ്റ് ഫീലിംഗ് ... മയങ്ങി പ്പോയി ,

" കാവേരി പാടാമിനി , സഖി നിൻ ദേവന്റെ സോപാനമായ് ...

  ആരോമലേ  അലയാഴി തൻ , ആനന്ദമായ്  അലിയുന്നു നീ

ആശ്ലേഷ മാല്യം സഖീ ചാർത്തൂ .........................."

"യു സിങ് വെരി വെൽ ...."

 കണ്ണ് തുറന്നു നോക്കുമ്പോൾ റിക്കവറി റൂമിലെ നേഴ്സ് ആണ് , പാട്ടു തീർന്നിരിക്കുന്നു ....

" യൂ വെയർ സിംഗിംഗ് ദിസ്  സോങ് വെരി വെൽ ......... "

" റിയലി ..."

" യെസ് , ബിലീവ്  മി
, യു നെവർ സ്റ്റോപ്പ്ഡ് സിംഗിംഗ് ഇറ്റ്  ഫോർ ഓവർ ആൻ ഔർ ”

തലക്കാവേരിയിൽ നിന്നും  തുടങ്ങി  , എണ്ണൂറു കിലോമീറ്റര് ഒഴുകി കാവേരിപൂം പുഹാറിൽ എത്തി ബംഗാൾ ഉൾക്കടലിൽ ചേർന്നവളെ പറ്റി  , മലയാളം അറിയാത്തവർക്കിടയിൽ ,  ഒരു മണിക്കൂറിനു മേൽ  ഞാൻ പാടി തകർത്തുവത്രെ ..........

No comments: