Wednesday, March 6, 2019

ശ്രീ ചിത്ര

കിണർ ഹോസ്റ്റലും , ചില ശ്രീ ചിത്ര ഓർമകളും
-----------------------------------------------------------------------------
ശ്രീചിത്രയിൽ ഉള്ള പലവിധ കോഴ്സുകൾ ചെയ്ത എല്ലാവര്ക്കും പൊതുവായി ഓർമ്മകൾ ഉള്ള ഇടമാണ് അവിടെയുള്ള ഹോസ്റ്റലുകൾ , പ്രത്യേകിച്ചും വിചിത്രമായ ആകൃതിയിൽ ശ്രദ്ധിക്കപ്പെട്ട മെൻസ് ഹോസ്റ്റൽ .
എല്ലായിടത്തുമെന്ന പോലെ സ്വതന്ത്ര ആൺ ജീവിതത്തിന്റെ എല്ലാ ആവേശവും നിറഞ്ഞ കാലത്ത്തിന്റെ ദൃക് സാക്ഷി  ആയി വര്ഷങ്ങളായി നിലകൊണ്ടിരുന്ന ആ കെട്ടിടങ്ങൾ പൊളിച്ചു മാറ്റപ്പെടുകയാണ് , പുതിയ ഇടങ്ങൾ ഉണ്ടാക്കപെടുവാൻ .അചേതനമായ ആ കെട്ടിടങ്ങളോടൊപ്പം അദൃശ്യമായി നിൽക്കുന്നത് ഒരു നൂറായിരം ഓർമ്മകൾ ആണ് , നിറങ്ങളും ഗന്ധങ്ങളും നിറഞ്ഞവ ...

രണ്ടു വര്ഷം എന്നത് വളരെ കുറഞ്ഞ കാലയളവ് ആണെങ്കിലും , ആ നാളുകൾ അവിടെ തന്ന അനുഭവങ്ങൾ , ഏറ്റക്കുറച്ചിലുകൾ ഉണ്ടയേക്കാം എങ്കിലും, ഒരുപക്ഷെ ഒരായുസ്സ് മൊത്തം മനസും ജീവിതവും നിറച്ചതായിരിക്കും അവിടെ കഴിഞ്ഞ ഞാൻ അടക്കം ഉള്ള  പലർക്കും ..

ഗൃഹാതുരത്വം എന്ന വാക്ക് എത്രത്തോളം ഇവിടെ അനുയോജ്യം എന്ന് അറിയില്ലെങ്കിലും , ഒരു പതിറ്റാണ്ടിനിപ്പുറത്തും ആ ഹോസ്റ്റലിൽ കഴിഞ്ഞ  രണ്ടാമതൊരാൾ ഉൾപ്പെടുന്ന സുഹൃത് സദസ്സുകൾ ആ ഓർമകളെ സജീവമാക്കാതെ പോകാറില്ല . പുതു മഴയിൽ വിടർന്ന ഹരിത മുകുളങ്ങൾ പോലെ , വ്യത്യസ്തവും കൗതുകവും നിറഞ്ഞ ഓർമകളും അനുഭവങ്ങളും ആ സദസ്സുകളെ ജീവസ്സുറ്റതാക്കിക്കൊണ്ടിരിക്കും എന്നുറപ്പാണ് .

അതിന്റെ  വിചിത്രമായ ഒരു ആകൃതി യാണ് ആദ്യ കൗതുകം ,  കിണറ്റിലേക്ക് നോക്കിയാൽ എന്നപോലെ , വൃത്താകൃതിയിൽ പരസ്പരാഭിമുഖമായി നിൽക്കുന്ന മുറികൾ . അതിലേറെ ആദ്യകൗതുകം അതിലെ അന്തേവാസികൾ ആയിരുന്നു , കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള  ഇതുവരെ ഒരിക്കലും കേട്ടിട്ടില്ലാതെ സ്ഥലങ്ങളിൽ നിന്നും , വിചിത്ര മലയാളം സംസാരിക്കുന്നവർ , കൊങ്ങിണി , തമിഴ് , തെലുങ്ക് മുതൽ ബർമീസും വടക്കു കിഴക്കൻ ഇന്ത്യയിലെ ലിപിയില്ലാത്ത  ഗോത്രഭാഷകൾ  സംസാരിക്കുന്നവരെ കൊണ്ട് നിറഞ്ഞിരുന്നു ആ മുറികൾ .
ആൺകുട്ടികളുടെ ഹോസ്റ്റൽ എന്ന് പേരെങ്കിലും ,ഒന്നോ രണ്ടോ മുറികൾ എതിർ ലിംഗങ്ങളെ കൊണ്ട് നിറച്ചു പലരുടെയും കണ്ണും  മനസും നിറക്കാൻ അക്കൊമൊഡേഷൻ ഓഫീസർമാർ ശ്രദ്ധിച്ചിരുന്നു എന്നത് നന്ദിയോടെ സ്മരിക്കുന്നു .

ഓരോ നിലയിലും പൊതുവായി നൽകിയിരിക്കുന്ന ഇന്റർകോം കണക്ഷനുകളിൽ പൊട്ടിമുളച്ചതും പൂവിട്ടതുമായ പ്രണയങ്ങൾ എണ്ണി എടുക്കാൻ ഒരൽപ്പം സമയം എടുത്തേക്കാം , എന്നാലും പ്രണയ നൈരാശ്യത്താൽ ആത്മഹത്യക്കു ശ്രമിച്ചേക്കാം എന്ന് മാനസിക നിലയിൽ പെട്ടു പോയ യുവാവിനെ ജീവിതത്തിലേക്ക് മടക്കി വിളിച്ചു കൊണ്ട് വന്ന ആലപ്പുഴക്കാരിയായ ,ചുരുണ്ട മുടിയുള്ള യുവതി ആ ലിസ്റ്റിന് ഏറ്റവും ആദ്യ൦ പേരുള്ള ഒരുവൾ ആണ് . പ്രണയതീക്ഷ്ണതയിൽ ഉരുകിയ ആ യുവാവ് എന്റെ സഹ മുറിയനും ആയിരുന്നു .

ഇടുക്കി ഗോൾഡ്  എന്ന പേര് കേരളത്തിൽ സാധാരണം ആവുന്ന കാലത്തിനു മുന്നേ ചെമ്പകപ്പാറയിൽ നിന്നും
തിരുവനന്തപുരത്തേക്ക് ആ നീല സസ്യത്തെ കൊണ്ടുവരാൻ ധൈര്യം കാണിച്ച , നിത്യ ഹരിത കാമുകനായ യുവാവ് ഇവിടെ എവിടയോ , കാലവും പ്രായവും തൊടാതെ റിയൽ എസ്റ്റേറ്റ് മൊണാർക് ആയി വാഴുന്നുണ്ട് ..

ഓണത്തിന് കൂട്ടുകാരെല്ലാം വീട് പിടിച്ചപ്പോ ഓൺ കാൾ തലയിൽ വീണു ഭ്രാന്തായി റൂമിൽ  ഇരിക്കേണ്ടി വന്ന  ദുഃഖം മറക്കാൻ ടെറസിനു മുകളിലേക്ക് പോകുന്ന പടിക്കെട്ടിൽ കൂട്ടിയിട്ട പഴയ ഫയലുകൾക്കും രസീത് ബുക്കുകൾക്കും തീയിട്ടു സന്തോഷിക്കാൻ ഐഡിയ തന്ന ചെമ്പകപ്പാറക്കാരാ ,  നിനക്ക് നൂറു നന്ദി . തീപ്പെട്ടി എടുക്കാൻ ഞാൻ പോയ പുറകെ റോസാപ്പൂവിനോപ്പം കടന്നു കളഞ്ഞതിനു , എനിക്ക് വീണ്ടു വിചാരം ഉണ്ടാക്കിയതിന് ..., കാത് ലാബിലെ നിൻറെ കണക്കെടുപ്പിലെ തെറ്റുകൾ ഞാൻ കണ്ടു പിടിച്ചതിൻറെ പ്രതികാരം ആയിരുന്നു ആ ഐഡിയ എന്ന് ഞാൻ മുന്നേ ഓർക്കേണ്ടതായിരുന്നു ...

ഒരു പത്തു മിനിറ്റു വെറുതെ കിട്ടിയാൽ  ഒരു മലതന്നെ മറിച്ചു കളയാം എന്ന കോൺഫിഡൻസ് ഉള്ള കണ്ണപ്പനെയും , സാദാ കഞ്ചാവടിച്ച ഭാവത്തിൽ നടക്കുന്ന അതി ബുദ്ധിമാനായ ദാസപ്പനെയും പുറത്താരും വേണ്ടപോലെ അറിഞ്ഞിട്ടോ ആദരിച്ചിട്ടോ ഉണ്ടെന്നു തോന്നുന്നില്ല ..

മലബാറിൽ നിന്ന് വന്നു തിരുവന്തപുരംകാർക്കു മരച്ചീനിയുടെ പര്യായ പദങ്ങളെപ്പറ്റി ക്ലാസ് എടുത്തു അമ്പരപ്പിച്ച അച്ചായാ ,  പിന്നിന്നു വരെ അതോർത്തു ചിരിക്കാതെ ഞാൻ ഒരു കഷ്ണം കപ്പ പോലും കഴിച്ചു തീർത്തിട്ടില്ല ..

ലിബ്രയുടെ ഹാളിൽ  മധുചഷകങ്ങളെ വീണ്ടും നിറക്കാൻ ആവതില്ലാത്തവർക്കു , സിംഗപ്പൂരിൽ നിന്നും ലണ്ടനിൽ നിന്നും  അറുപത്തി ഒൻപതാം നമ്പർ വാറ്റും , കറുപ്പും വെളുപ്പും നായ്ക്കളെയും കൊണ്ട് വന്നു സമ്മാനിചു മനസ്സും , ഗ്ലാസും  നിറച്ച സുരേഷിനെയും (AGFA പ്രോഡക്റ്റ് മാനേജർ ) ,ഡോ : സുർജിത്തിനെയും മറക്കുന്നതെങ്ങിനെ ?

എത്ര വലിയ ആൾക്കൂട്ടത്തിനിടയിൽ നിന്നും തികഞ്ഞ വൈദഗ്ധ്യത്തോടെ  , കള്ളക്കണ്ണെറിഞ്ഞുള്ള പ്രത്യേക നോട്ടത്താൽ ഒരു  ഹൃദയം കൊളുത്തി വലിച്ച ,  രക്തദാഹിയായ പെൺകുട്ടീ , ആയിരക്കണക്കിന്  മൈലുകൾക്കകലെ എവിടെയോ ഒരിടത്തു  ,  ജാക്ക് ഡാനിയലിനൊപ്പം  ഇരുന്നു  നിന്നെ ഇപ്പോഴും  ചിലർ ഓർക്കുന്നുണ്ട് ....

ലോകമെമ്പാടും അംഗങ്ങൾ ഉള്ള "  I  HATE YAHOO MAIL " എന്ന പ്രസ്ഥാനം തുടങ്ങിയത് ശ്രീ ചിത്രയിലെ ഒരു ഹോസ്റ്റൽ മുറിയിൽ ആയിരുന്നു എന്നത് ഒരു പക്ഷെ അധികം ആർക്കും അറിവുണ്ടാവില്ല . പ്രണയാഭ്യര്ഥനയുമായി ഒരു പെൺകുട്ടിക്ക് അയച്ച ഇ മെയിൽ അവൾ ഒഴികെ ശ്രീ ചിത്രയിൽ  കമ്പ്യൂട്ടർ തുറന്ന മറ്റെല്ലാവർക്കും കാണാൻ പറ്റിയതിൽ മനം നൊന്തു ഒരു തൃശൂർക്കാരൻ യുവാവ്  പ്രതികാര ദാഹിയായി തുടങ്ങി വെച്ച ആ മൂവ്‌മെൻറ് , ലോകമെമ്പാടും ഉള്ള യാഹൂ മെയിൽ ഉപഭോക്താക്കളെ  , ജി - മെയിലിൽ എത്തിക്കാൻ തുടക്കം കുറിച്ചതാണ് .  ഇന്ന് ലോകമെമ്പാടും ഉള്ള കോടിക്കണക്കിനു  ജി മെയിൽ ഉപഭോക്താക്കൾ , ഈ മാസ്സ് മൂവ് മെന്റിന് ശേഷം ഉണ്ടായതാണെന്ന് പറയേണ്ടതില്ലല്ലോ ....

പഠനത്തിനും , ട്രൈനിങ്ങിനും ഒപ്പം ഒരു സ്ഥിര ജോലിക്കാരൻ ചെയ്യണ്ടതുപോലെ തന്നെ ജോലികൾ ചെയ്യാൻ നിയോഗിക്കപെട്ട കൂട്ടത്തിൽ പൊതുവായ ഒത്തുകൂടലുകൾ കുറവായിരുന്നു എന്ന് പറയാം.  ഒഴിവുദിനങ്ങളിൽ സന്ധ്യ മയങ്ങിയാൽ വാട്ടർ ടാങ്കിനു മുകളിൽ കൂടിയിരുന്ന ചിലരെങ്കിലും അപൂർവ പ്രതിഭകൾ ആയിരുന്നു എന്ന് സമ്മതിക്കാതെ വയ്യ , ലേഡീസ് ഹോസ്റ്റലിലെ ജാലകങ്ങളിൽ വീണ നിഴലുകളുടെ പ്രത്യേകതയിൽ നിന്നും , അഴക്അളവുകളിൽ നിന്നും ആളെ തിരിച്ചറിയാനും മാത്രം നിരീക്ഷണ വൈഭവം ഉള്ള മിടുക്കന്മാർ .

പ്രഭാകരൻ ചേട്ടൻ  നടത്തുന്ന ക്യാന്റീനിലെ പൊതുവായ ഭക്ഷണ സമയത്തെ  ഒഴിച്ച് നിർത്തിയാൽ മറ്റു ഒത്തുകൂടലുകളിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു നിന്നവർ എന്ന ചീത്തപ്പേര് റേഡിയോളജി ക്കാർക്ക് ഉണ്ടെന്നു എന്നത് പരമ സത്യം . അത് വാഷിംഗും, സ്കാനിങ്ങും , പ്രസെന്റേഷനും മാത്രം ആയിരുന്നില്ല , ഇന്റർകോമിൽ പ്രണയപുഷ്പങ്ങളുടെ വിത്തെറിയാൻ അക്ഷമരായി ക്യൂ നിൽക്കുന്നവരെക്കാൾ ഒരു പടി കൂടി കടന്നു , അതിന്റെ ജൈവപരമായ പ്രയോഗികതയെ പറ്റി പഠിക്കാൻ സമയം കണ്ടെത്തിയവർ ആയിരുന്നു അവർ എന്ന് ഈ വൈകിയ വേളയിൽ എങ്കിലും നിങ്ങൾ മനസിലാക്കണം  . സുഗന്ധ വാഹിനിയായ മൈസൂർ മല്ലികകൾ പൂത്തുലഞ്ഞ ആ കാലം കഴിഞ്ഞിട്ടു അധികം നാളുകൾ ആയിട്ടില്ല ,ആ സുഗന്ധം നുകഞ്ഞവർ ഒക്കെ മധ്യവയസ് പോലും കാണാത്ത യുവാക്കൾ ആയി ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്നുണ്ട് . ചിലരൊക്കെ ശ്രീ ചിത്രയിലും , ഗതകാല സ്മരണകൾ അയവിറക്കി നടക്കുന്നുണ്ട് എന്നത് പരമമായ സത്യം മാത്രം .

എഴുതി നിറക്കാൻ ഓർമ്മകൾ ഇല്ലാത്തതുകൊണ്ടല്ല , അപരന്റെ തലച്ചോറിൽ അവ ഉണ്ടാക്കാൻ ഇടയുള്ള അസൂയയെ വെറുക്കുന്നത് കൊണ്ട്  മാത്രം ആണ് ഇത് ഇവിടെ നിർത്തുന്നത് , ആ ഓർമ്മകൾ ഞങ്ങളുടേത് മാത്രം ആയിരിക്കണം എന്ന സ്വാർത്ഥത കൊണ്ട് ... .

 ഒരു നൂറു സുദൃഡമായ സുഹൃത് - വ്യക്തി ബന്ധങ്ങൾ തന്നതിനൊപ്പം , ഹൃദയത്തോട് ചേർത്തുവെച്ച ഓർമ്മകളെയും ,  വ്യക്തികളെയും ആണ് ആ രമണീയമായ കാലം ജീവിതത്തിനു നൽകിയത്  , അവർക്കിടയിൽ നിന്നും തിടുക്കത്തിൽ മാറിനടന്ന സീൻസിനെ പ്രത്യേകം ഓർമിക്കുന്നു .

ശ്രീചിത്ര ഒരു വികാരമാണ് എന്നൊന്നും പറയാനില്ല , പക്ഷെ ഒന്നര പതിറ്റാണ്ടിനിപ്പുറത്തും ശ്രീചിത്രക്കാരുടെ സുഹൃത് സദസ്സുകളിൽ എത്ര പറഞ്ഞാലും മതിവരാത്ത സ്ഥിരം  കഥകൾ , ഞങ്ങളുടെ ഒക്കെ നല്ലപാതികളെ അടക്കം പലരെയും  വെറുപ്പിക്കുന്നുണ്ട്  , അസൂയപ്പെടുത്തുന്നുണ്ട് എന്നത്  കൊണ്ട് മാത്രം അനല്പമായ സന്തോഷത്തോടെ പറയുന്നു  " അതിസുന്ദരം , ഒരു ശ്രീചിത്ര കാലം "

p.s : ഇത് വായിച്ച ചിലർക്കെങ്കിലും ദേഷ്യമോ , ഇഷ്ടക്കേടോ  തോന്നാം എന്ന് ഞാൻ മനസിലാക്കുന്നു . അവരോടൊക്കെ ശ്രീ , മത്തായിയുടെ നിർദേശം ഓർമിക്കാൻ  താത്പര്യപ്പെടുന്നു ...
: Picture Courtesy:  Sanoj Varghese

No comments: