Thursday, April 14, 2011

എന്നാലും എന്റെ കര്‍ത്താവെ

പഠനത്തിനായി (????) തിരുവനന്തപുരത്ത് ശ്രീ ചിത്രയില്‍ ഉള്ള സമയം . ഹോസ്റ്റല്‍ താമസവും , നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യവും ചേര്‍ന്ന് അര്‍മാദിക്കുന്ന ലോകം . കൂടെ ഉള്ളവര്‍ അലമ്പിന്റെ ആശാന്മാര്‍ ആയതു കൊണ്ട് കമ്പനി ഇല്ലെന്നുള്ള വിഷമം ഒട്ടും അലട്ടിയില്ല . ഇതില്‍ അലമ്പില്‍ ഉസ്താദ്‌ ആയ ഒരു ത്രിശുര്‍ക്കാരന്‍ ഒരു ദിനം രാവിലെ പറഞ്ഞ വാക്കുകള്‍ ഞങ്ങള്‍ക്കൊക്കെ ഹൃദയാഘാതം ഉണ്ടാക്കികളഞ്ഞു. അവന്‍ പോട്ടയില്‍ ധ്യാനത്തിന് പോകുന്നുവത്രെ . ഇനി നല്ലവനായി ദൈവ ഭയത്തോടെ ജീവിക്കാന്‍ തീരുമാനിച്ചു ,അതുകൊണ്ട് അവനെ അലമ്പ് കൂട്ടിനു ഇനി പ്രതീക്ഷിക്കേണ്ട . ഞങ്ങള്‍ക്ക് കുറെ ദിവസത്തേക്ക് ആ വാര്‍ത്ത‍ വിശ്വസിക്കാനായില്ല എങ്കിലും , മരണവീടുകളില്‍ കുറെ ദിവസത്തിന് ശേഷം ചിരികളികള്‍ തിരികെ വരുംപോലെ പൂര്‍വാധികം അലമ്പ് ഞങ്ങള്‍ക്ക് തുടരേണ്ടി വന്നു .
ഈ കഥാപാത്രം ധ്യാനം കൂടി തിരികെ വന്ന ശേഷം , രാവിലെ എണീക്കുക , പ്രാര്‍ത്ഥിക്കുക , ചീത്ത പറയാതിരിക്കുക , മദ്യപിക്കാതിരിക്കുക തുടങ്ങിയ ദുര്‍ ഗുണങ്ങള്‍ തുടങ്ങി വെച്ചു, അത് മുറിയന്
കൂടെ ശല്യമായി തുടങ്ങി .കൂടാതെ രാവിലെ പഠനത്തിനു പോകും മുന്‍പേ ബൈബിള്‍ വചനങ്ങള്‍ ചെറു കടലാസുകളില്‍ എഴുതി നിറച്ച പെട്ടിയില്‍ നിന്നും ഒരു വചനം എടുത്തു വായിച്ചു മാത്രമേ പോകൂ എന്ന ശീലവും തുടങ്ങി .
എന്ത് പറയാന്‍ പരോപകാരമേ പാപം , പുണ്യമേ പര പീഡനം എന്ന മഹല്‍ വചനത്തില്‍ വിശ്വസിക്കുന്ന ഞങള്‍ ഇവനെ പതിയെ ചൊറിഞ്ഞു തുടങ്ങി . എത്ര മൂടി വെച്ചാലും ഇഷ്ടന്റെ പഴയ ശീലങ്ങള്‍ അത് മൂലം തിരികെ വരുന്ന ലക്ഷണം കണ്ടു തുടങ്ങുകയും ചെയ്തു , അതായതു ഒളിഞ്ഞു പോയി പുകവലി നടത്തുക , രാത്രിയില്‍ പോയി ഫാഷന്‍ ചാനെല്‍ കാണുക എന്നിങ്ങനെ . ഏതാണ്ട് രണ്ടു ആഴ്ച കൊണ്ട് അയാള്‍ മുക്കാല്‍ പങ്കും തിരികെ വന്നു കഴിഞ്ഞു , എന്നാലും ബൈബിള്‍ വചനം വായന എന്നും രാവിലെ തുടര്ന്നു .

ഒരു ദിവസം രാവിലെ ബൈബിള്‍ വചനം എടുത്ത അവനു കിട്ടിയത് ഇങ്ങനെ " ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തും " , നിരാശനായ ഇയാള്‍ അത് തിരിച്ചു വെച്ചു വേറെ ഒരെണ്ണം എടുത്തു . അതിങ്ങനെ " അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത് "

നിയന്ത്രണം വിട്ടു പോയ പാവം ബൈബിള്‍ പെട്ടി വെച്ചിട്ട് കര്‍ത്താവിന്റെ ഫോട്ടോയെ നോക്കി ഇങ്ങനെ ഒരു ടെയലോഗ് " എന്റെ കര്‍ത്താവെ നിനക്കെന്നെ ഒരു ദിവസം എങ്കിലും ഒന്ന് നല്ലവന്‍ ആക്കാമോ ? അല്ലെകില്‍ വേണ്ട ഒരു മണിക്കൂര്‍ എങ്കിലും ? അതിലും കൂടുതല്‍ കപ്പാസിടി ഒന്നും നിനക്കില്ല എന്നെനിക്കറിയാം . "



വാല്‍ : വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തിന്റെ കുമ്പസാരം " അളിയാ അന്ന് ജെസ്സി പറഞ്ഞിട്ടാണ് ഞാന്‍ ധ്യാനിക്കാന്‍ പോയത് .അന്ന് അഞ്ചു ദിവസം അവളും ധ്യാനം കൂടാന്‍ വന്നിരുന്നു "

Saturday, October 2, 2010

വിശപ്പ്‌

ആദ്യമായി ജോലി കിട്ടിയത് രണ്ടായിരത്തി ഒന്നില്‍ ആണ് . തൃശ്ശൂരെ ഒരു പ്രശസ്ത ആശുപത്രിയില്‍ . ജോലി കിട്ടിയിട്ട് വേണം കറങ്ങാന്‍ എന്ന് മുന്‍പേ തീരു മാനിചിരുന്നത് കാരണം ശനിയും ഞായറും യാത്രയോട് യാത്ര . ഷോര്‍ണൂര്‍ പോയിട്ട് ഒരു ദിനം തിരികെ വരുമ്പോള്‍ വടക്കാഞ്ചേരി അടുത്ത് ഒരു ലെവല്‍ ക്രോസ്സില്‍ ബസ്‌ നിര്‍ത്തി ഇട്ടിരിക്കുന്നു . ട്രെയിന്‍ വരുന്നതും കാത്തു വലിയ ക്യൂ രണ്ടു സൈഡിലും . അതിനിടയില്‍ കടല , മിട്ടായി ,ലോട്ടറി വില്പനക്കാര്‍ കച്ചവടം തകര്‍ക്കുന്നു . പൊതുവേ ഈ വകയിലോന്നും താല്പര്യം കാട്ടാതെ ഞാന്‍ വെളിയില്‍ നോക്കി ഇരിക്കുകയാണ് .ഒരു ലോട്ടറി കച്ചവടക്കാരന്‍ ബസിന്റെ മുന്‍ വാതിലില്‍ കൂടെ കയറി . ഒരു കൈയും ഒരു കാലും ഇലാത്ത മനുഷ്യന്‍ ഊന്നു വടി പിടിച്ചു നില്‍ക്കുകയാണ് .വെറുതെ കൊടുക്കാന്‍ പറ്റുന്ന സഹതാപം മാത്രം ഞാന്‍ അടക്കം എല്ലാവരുടെയും മുഖത്തുണ്ട്‌ .അയാള്‍ തന്റെ കഥ പറയുകയാണ്‌ . " സുഹൃത്തുക്കളെ ഞാന്‍ ഒരു തയ്യല്‍ കാരന്‍ ആയിരുന്നു .നന്നായി അധ്വാനിച്ചു എന്റെ കുടുംബം നോക്കിയിരുന്ന ആള്‍ ആണ് ഞാന്‍ . ഒരിക്കല്‍ റെയില്‍വേ ട്രക്കിനടുത്തു കൂടി വരുമ്പോള്‍ രക്ത സമ്മര്‍ദം കൂടി ബോധ ശൂന്യനായി ഞാന്‍ ട്രാക്കില്‍ വീണു . ആരും കാണാതിരുന്നത് മൂലം ഒരു ട്രെയിന്‍ കയറി എന്റെ കൈകാലുകള്‍ നഷ്ടപ്പെട്ടു . എനിക്ക് ഇനി പഴയ തൊഴില്‍ ചെയ്യാനാവില്ല . ഒടുവില്‍ കുടുംബം പുലര്‍ത്താന്‍ എനിക്ക് ഈ തൊഴിലില്‍ വരേണ്ടി വന്നു . മറ്റുള്ളവരുടെ മുന്നില്‍ വെറുതെ കൈ നീട്ടുന്നതിലും എത്രയോ ഭേദമാണല്ലോ ഇത് . നിങ്ങളില്‍ കഴിവുള്ളവര്‍ ഒരു ടിക്കറ്റ്‌ എടുത്തു എന്നെ സഹായിക്കണം . വിശപ്പ്‌ എല്ലാവര്ക്കും ഒരു പോലെ ആണല്ലോ സഹോദരന്മാരെ .


എന്റെ ഏറ്റവും വലിയ തിരിച്ചറിവ് അതായിരുന്നു

Saturday, March 21, 2009

ഉണ്ണിമാങ്ങ

ഞാന്‍ ആറാം ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് സസ്യ പുഷ്പ പ്രദര്‍ശനവേദിയായ എസ് ഡി വി സ്കൂളില്‍ നിന്നും ആ മാവിന്‍ തൈ അപ്പന്‍ വാങ്ങിയത് . മൂന്നു വര്ഷം കൊണ്ട് കായിക്കും എന്നാണ് അന്നത്തെ അവകാശവാദം . എന്തൊക്കെ വളം കൊടുത്തു , മരുന്നടിച്ചു , ഒരു രക്ഷയുമില്ല .അവസാനം ആരോപറഞ്ഞു ഇത് ചിലപ്പോള്‍ ആണ്‍ മാവായിരിക്കും , അതാണ് കായ്ക്കാത്തത് . വെട്ടി കളഞ്ഞേക്ക് . എന്തോ അന്ന് അത് ചെയ്തില്ല . ഒരു പക്ഷെ ഒട്ടും ശല്യം ആകാത്ത സ്ഥലത്ത് ആയത് കൊണ്ട് ആവണം അത് ചെയ്യാതിരുന്നത് .

എന്തായാലും പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം അതില്‍ ഒരുകുലഉണ്ണി മാങ്ങാ ഉണ്ടായി .









ഇരുപത്തിഅഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം വീട്ടില്‍ ഉണ്ടായ ഉണ്ണിയെ വരവേല്‍ക്കാന്‍ എന്നതുപോലെ .