മികച്ച നിക്ഷേപം
വെന്തു വിയർക്കുന്ന ഒരു ഉഷ്ണദിവസമാണ് ഞാൻ കൊൽക്കത്തയിൽ എത്തിയത് . വിമാനത്താവളത്തിലെ പതിവ് ചടങ്ങുകൾക്ക് ശേഷം മുഷിഞ്ഞ സീറ്റുകളും , ചളിപിടിച്ച ശരീരവും ഉള്ള മഞ്ഞ ടാക്സിയിൽ കയറി നഗരത്തിരക്കിലേക്കു നൂണ്ടു കടക്കാൻ പെടാപ്പാടു പെടുന്ന സമയത്താണ് , മൊബൈൽ ഓൺ ചെയ്തത് . 17 മിസ് കോളുകൾ , രഘുവാണ് .തിരികെ വിളിച്ചു .
" എടാ നീ എവിടെയാ ? " പരിഭ്രമം നിറഞ്ഞ സ്വരം ..
"ഞാൻ എത്തി , ടാക്സിയിൽ അങ്ങോട്ടേക്ക് വരുന്നു "
" വേഗം വാ , നിന്നെ മിസ്സിസ് സിൻഹയെ പരിചയപ്പെടുത്തിയിട്ടു വേണം എനിക്ക് പോകാൻ "
എന്റെ മറുപടി അവനെ ഒട്ടും തൃപ്തി പെടുത്തിയിട്ടുണ്ടായില്ല . ഉറുമ്പു നുരക്കുന്ന പോലെ യുള്ള ഈ വഴിത്തിരക്കിൽ , ആര് വിചാരിച്ചാലും ന്യൂ ആലിപ്പൂർ വരെ യുള്ള ദൂരം പാഞ്ഞെത്താനാവില്ല , എന്ന് ഞങ്ങൾ രണ്ടാൾക്കും അറിയാം , എന്നാലും പാഴ് വാക്കുകളാൽ ഞങ്ങൾ അന്യോന്യം ആശ്വസിപ്പിച്ചു .
ഞാൻ ആദ്യമായാണ് ,സന്തോഷത്തിന്റെ നഗരത്തിൽ എത്തുന്നത് . രഘുവും ഞാനും ഒരേ കമ്പനിയുടെ വിവിധ നഗരങ്ങളിൽ ഒരേ പദവിയും ഉത്തരവാദിത്തങ്ങളും വഹിക്കുന്നവർ ആണ് . അടിയന്തിരമായി ഒരു വിവാഹം കഴിക്കാൻ അവനു നാട്ടിലേക്കു പോയെ മതിയാവൂ . മറ്റൊന്നും പോലെ അല്ല ഉടനെ ചെന്നില്ലെങ്കിൽ വേറെ വിവാഹത്തിന് വീട്ടിൽ നിന്നുള്ള സമ്മർദ്ദം സഹിക്കാതെ ജീവനൊടുക്കും എന്നവൾ
കഴിഞ്ഞ ആഴ്ച ഭീഷണിപ്പെടുത്തിയത്രെ . ആൺ ഹൃദയങ്ങളെ വരുതിക്ക് നിർത്താനുള്ള പെൺകെണിയാണ് എന്ന് കരുതി ചിരിച്ചു തള്ളിയെങ്കിലും , രണ്ടു ദിവസങ്ങൾക്കു ശേഷം അവൾ അവനോടുള്ള പ്രണയം നിറഞ്ഞൊഴുകുന്ന കൈഞരബുകളിൽ ഒരെണ്ണം മുറിച്ചു എന്ന വാർത്ത അവന്റെ ഹൃദയം തകർത്തു കളഞ്ഞു .
വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ഒരു പ്രൊജക്റ്റ് കമ്മീഷൻ ചെയ്തു ,കസ്റ്റമർ ട്രെയ്നിങ് തുടങ്ങാൻ തീരുമാനിച്ച ദിവസം ആണ് അടിയന്തിര അവധി അപേക്ഷയുമായി അവൻ സുധീപ് മിശ്രയുടെ കാബിനിൽ ഓടിച്ചെന്നത് . ജീവനക്കാരോട് യാതൊരു ദയാ ദാക്ഷണ്യവും കാണിക്കാത്ത അയാൾ പോലും അവന്റെ അവസ്ഥ കണ്ടു ലീവ് കൊടുക്കാൻ തയാറായി , ആ രണ്ടാഴ്ചക്ക് വേണ്ടി ആണ് എന്റെ വരവ് ,ബോംബയിൽ നിന്നും .
ന്യൂ ആലിപ്പൂരിലെ തിരക്കൊഴിഞ്ഞ ഒരു വഴിയിലെ ,അല്പം അകലെ കാണുന്ന വെള്ളച്ചായം പൂശിയ മതില്കെട്ടിനു അരികിൽ ടാക്സി നിർത്താൻ ഞാൻ ഡ്രൈവറോട് , നിർദ്ദേശിച്ചു . നിൽപ്പുറക്കാതെ പരിഭ്രമം നിറഞ്ഞു നിൽക്കുന്ന അവനെ ,ദൂരത്തു നിന്നെ ഞാൻ കണ്ടിരുന്നു . ടാക്സി ഡ്രൈവറോട് വെയിറ്റ് ചെയ്യാൻ പറഞ്ഞുകൊണ്ട് അവൻ എന്റെ പെട്ടിയും വലിച്ചെടുത്തു ഉള്ളിലേക്കോടി .
പിറകെ ചെന്ന ഞാൻ കാണുന്നത് , നവോഡയെ പോലെ അണിഞ്ഞൊരുങ്ങി , ഐശ്വര്യം തുളുമ്പി നിൽക്കുന്ന ഒരു വൃദ്ധയെ ആണ് . വൃദ്ധ എന്ന് പറയുന്നത് ശരിയല്ല , കറുപ്പിച്ച മുടിക്കെട്ടിനും , ചുവപ്പിച്ച കവിളുകൾക്കും , നെറ്റിയിലെ ചുവന്ന പൊട്ടിന്റെ മനോഹാരിതക്കുമിടയിൽ ,ഒരു വൃദ്ധയെ കണ്ടെടുക്കാം എന്ന് വേണം പറയാൻ .
" മിസ്സിസ് , സിൻഹ ഇതാണ് ഞാൻ പറഞ്ഞ ആൾ , രണ്ടാഴ്ച ഞാൻ പോകുന്പോൾ എന്റെ ചുമതലകൾ ഏൽക്കാൻ കമ്പനി നിയോഗിച്ചവൻ , യാതൊന്നും സംശയിക്കേണ്ട , ഒരുപക്ഷെ എന്നേക്കാൾ നല്ല മനുഷ്യൻ ആണിവൻ "
ഞാൻ ചിരി അടക്കി പിടിച്ചു എങ്കിലും എന്റെ മുഖത്തെ ഭാവം അവർ ശ്രദ്ധിച്ചെന്നു തോന്നുന്നു .
" ഓക്കേ , നീ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ടല്ലോ , രാത്രി പത്തു മണിക്ക് ശഷം ആണ് വരുന്നതെങ്കിൽ അത് നേരത്തെ പറഞ്ഞിട്ട് പോണം , ഉറക്കെ പാട്ടുവെക്കുകയോ , ഫോണിൽ സംസാരിക്കുകയോ ചെയ്യരുത് , ബാക്കി യൊക്കെ പറഞത് പോലെ " അത്രയും പറഞ്ഞു അവർ ആ വലിയ വീടിന്റെ ഉള്ളിലേക്ക് തിരികെ നടന്നു .
"എന്താണ് ആ ബാക്കിയൊക്കെ എന്ന് പറഞ്ഞത് " എന്റെ സംശയം .
" എടാ , നീ ഇവിടെ വരാം എന്ന് സമ്മതിച്ചത് എന്റെ റൂമിൽ താമസിച്ചാൽ നിനക്കുള്ള അലവൻസ് പണമായി എഴുതി എന്നത് കൂടെ കൊണ്ടല്ലേ ? "
" അതെ " ജാള്യതയോടെ ഞാൻ സമ്മതിച്ചു
" ഇവർ , അട്ടയുടെ കണ്ണ് കണ്ട സ്ത്രീയാണ് , നിന്നെ ഇവിടെ താമസിപ്പിക്കണമെങ്കിൽ , ദിവസം 200 രൂപ വെച്ച് വേണം എന്നവർ പറഞ്ഞു , ഞാൻ അത് സമ്മതിക്കുകയും ചെയ്തു "
" ആരോട് ചോദിച്ചിട്ടു ? എന്റെ സ്വരം അല്പം ഉയർന്നെന്നു തോന്നുന്നു " കുങ്കുമപൊട്ട് തിരികെ വാതിൽക്കൽ എത്തി .
" പിന്നെ , ജോലിക്കാരോട് വേണ്ടാത്ത അടുപ്പം ഒന്നും വേണ്ട എന്ന് ഓര്മിപ്പിക്കുന്നു " എന്നോടാണ് ..
" രഘു , നീ ഇതുവരെ പോയില്ലേ ? , വേഗം ചെന്നില്ലെങ്കിൽ നിനക്ക് എയർപോർട്ടിൽ ഇരുന്നു ഇന്ന് മൊത്തം കരയേണ്ടി വരും " " കോമൾ .. ഇവിടെ വരൂ , ഈ പെട്ടിയെടുത്തു ,രഘുവിന്റെ റൂമിൽ കൊണ്ട് വെക്കു, ഇയാൾ ഇവിടെ രണ്ടാഴ്ച കാണും , മുഖം ഓർത്തു വെച്ചോളൂ "
" ഞാൻ , ഇറങ്ങട്ടെ , ഇവരുടെ കാശ് ഞാൻ കൊടുത്തോളാം " അതുപറഞ്ഞു അവൻ ധൃതിയിൽ ബാഗും എടുത്തു പുറത്തേക്കു പോയി .
" വരൂ " വരണ്ട തൊണ്ടയിൽ നിന്നുള്ള പോലെ ഒരു ശബ്ദം . മെല്ലിച്ച ഒരു ചെറുപ്പക്കാരൻ , നിറം മങ്ങിയ ഷർട്ടും പാന്റും , പ്രകാശം ഇല്ലാത്ത ചെമ്പിച്ച കണ്ണുകൾ . അവൻ പെട്ടിയെടുത്തു മുന്നേ നടന്നു കഴിഞ്ഞു. ചുവന്ന സിമെന്റ് ചായം പൂശിയ പടവുകൾ കയറി രണ്ടാം നിലയിലെ ഒരു വാതിലിനു മുന്നിൽ എത്തി നിന്നു . വാതിൽ തള്ളി തുറന്നു ,പെട്ടി ഉള്ളിൽ വെച്ച ശേഷം നിശബ്ദനായി തിരികെ പോയി , ഒരു പുഞ്ചിരി പോലും ആ മുഖത്ത് കണ്ടില്ല . ഞാൻ എന്റെ അടുത്ത രണ്ടാഴ്ചത്തെ ഇടത്താവളത്തിന്റെ ഏകാന്തതയിലേക്കു കടന്നു ചെന്നു .
അടുത്ത ദിവസം മുതൽ ന്യൂ ആലിപ്പൂരിൽ നിന്നും മൈദാൻ ( മൈതാനം ) വരെ ഭൂഗർഭ മെട്രോയിൽ യാത്ര ചെയ്തു ജോലിത്തിരക്കിൽ മുഴുകി . വൈകുന്നേരങ്ങളിൽ വെറുതെ ചുറ്റുപാടുമുള്ള തെരുവുകളിൽ നടന്നു , ചിക്കൻ റോളും , രാസഗുളയും , ഡീം (മുട്ട ) ബിരിയാണിയും ഒക്കെ കഴിച്ചു , ഒൻപത് മണിയോടെ വീട് പറ്റി .
ഡോർ ബെല്ലിന്റെ ശബ്ദത്തിന് കാത്തു നിന്നാലെന്നപോലെ അവൻ ,വാതിൽ തുറന്നു , അകത്തുകടന്നാൽ ഉടൻ തന്നെ തഴുതിട്ടു ഉള്ളിലേക്കെവിടെയോ ,അപ്രത്യക്ഷം ആയി , ഒരു ചിരിയോ സംസാരമോ ഇല്ല , ഒരു വേള ഇവന് വല്ല ഭ്രാന്തും ആണോ എന്ന് വരെ ഞാൻ ചിന്തിച്ചു .
രഘു വിന്റെ ഫോൺ കാൾ വന്നിരുന്നു , കൈ മുറിച്ച കാമുകി പൂർവാധികം പ്രണയ പരവശയായി , സുഖമായിരിക്കുന്നു , വീട്ടുകാർ മാത്രം പങ്കെടുക്കുന്ന ഒരു ചെറിയ ചടങ്ങായി വിവാഹം നാളെ കഴിഞ്ഞു നടത്താൻ പോവുന്നു , ആശംസകൾ നേർന്നു ഫോൺ വെച്ചു . നാളെ ഞായറാഴ്ചയാണ് ജോലിക്കു പോവേണ്ട കുറെ നേരം കൂടെ ഉറങ്ങാം .
എണീറ്റപ്പോൾ പതിനൊന്നു മണിയായി , വിശന്നിട്ടു വയ്യ . തിടുക്കത്തിൽ തയാറായി താഴേക്കിറങ്ങുമ്പോൾ , പടിക്കെട്ടിൽ അവൻ , ഒരു മൂളിപ്പാട്ടൊക്കെ പാടി ഇരിക്കുന്നു .
" ഏയ് , എന്തൊക്കെ യുണ്ട് കോമൾ വിശേഷങ്ങൾ , സിൻഹ മാഡം എവിടെ ? " ഹിന്ദിയിൽ ഒരു സൗഹൃദ അന്വേഷണം .
" താങ്കൾ , ബീഹാറി യാണോ ? ഹിന്ദി അറിയാമോ ? " ഉടനടി മറുപടി , ഉത്സാഹ സ്വരത്തിൽ .
" ഞാൻ , ബീഹാറി അല്ല , പക്ഷെ ഹിന്ദി അറിയാം , നീ ബീഹാറിയാണോ ?"
" അതെ , ഞങ്ങൾ പുരുലിയയിൽ നിന്നാണ് , എന്റെ കുടുംബം അവിടെയാണ് "
" പുരുലിയയോ ? " എവിടെയോ ആ പേര് കേട്ടിട്ടുണ്ട് , അതെ പണ്ട് ആനന്ദ മാർഗികൾ , വിമാനത്തിൽ നിന്നും ആയുധം വർഷിച്ച അതെ പുരുലിയ .
" താങ്കൾ അറിയുമോ ആ സ്ഥലം ? അവിടെ പോയിട്ടുണ്ടോ ? "
" പിന്നെ , പലതവണ , എന്റെ ജോലി തന്നെ ഇങ്ങനെ യാത്ര ചെയ്യുകയാണ് " വെറും വയറ്റിൽ തന്നെ പച്ച നുണ തട്ടി വിട്ടു .
അവൻ സന്തോഷം കൊണ്ട് കരയുമെന്നു തോന്നി പ്പോയി " സാബ് , എന്റെ നാടാണത് , ഞാൻ അവിടെ പോയിട്ട് വർഷങ്ങൾ ആയി , എന്റെ അച്ഛനും അമ്മയും സഹോദരങ്ങളും അവിടെയാണ് , ഇനിയെന്നാണ് താങ്കൾ പോവുക , അവിടെ എന്റെ കുടുംബത്തിന് കൃഷിയിടവും ,വീടും ഉണ്ട് "
അവൻ ഒരു വല്യ സംഭാഷണത്തിന് തുടക്കം ഇടുകയാണെന്നു ആ ആവേശത്തിൽ നിന്നും എനിക്ക് മനസിലായി . കൂടുതൽ എന്തെങ്കിലും ചോദിച്ചാൽ ഞാൻ പെട്ടത് തന്നെ .
" സിൻഹ മാഡം ഇല്ലേ ? " ഞാൻ വിഷയം മാറ്റാൻ നോക്കി .
" ഇല്ല , പുറത്തു പോയി ,ഇനി മൂന്നു മണി ആവും വരാൻ "
" ശരി , ഞാൻ പുറത്തു പോയി എന്തെങ്കിലും കഴിച്ചിട്ട് വരാം , നീ ഇവിടെ ഉണ്ടാവുമല്ലോ ? "
" സാബ് , താങ്കൾ മുറിയിലേക്കു പോവൂ , ഞാൻ ഭക്ഷണം തയാറാക്കി കൊണ്ടുവരാം , അതിനു വേണ്ടി ഇപ്പോൾ പുറത്തേക്കു പോവേണ്ട "
ഇവന് തനി വട്ടാണ് എന്ന് ഉറപ്പിച്ചു ,ഞാൻ നിരസിച്ചെങ്കിലും അവൻ വീണ്ടും നിർബന്ധിച്ചു എന്നെ റൂമിലേക്ക് തിരികെ അയച്ചു .
പത്തു മിനിറ്റിനകം ചപ്പാത്തിയും , സബ്ജിയും ചായയുമായി കോമൾ ഹാജരായി . രുചികരമായ ഭക്ഷണം , കാശ് ലാഭം എന്ന് മനസ്സിലോർത്തു ഞാൻ കഴിക്കുപോൾ അവൻ വാതിൽ പടിയിൽ ചടഞ്ഞിരുന്നു , അവന്റെ ഗ്രാമത്തിന്റെ വിശേഷങ്ങളുടെ പൊതിക്കെട്ടഴിച്ചു . ഒരു നൂറു വർഷത്തെ ഏകാന്തവാസത്തിനു ശേഷം ഒരു സഹജീവിയെ , അവന്റെ ഭാഷയും മനോ വികാരങ്ങളും മനസിലാക്കുന്ന മറ്റൊരു മനുഷ്യനെ കണ്ട ആവേശവും ആശ്വാസവും വിശ്വാസവും അവനിൽ തെളിഞ്ഞു കാണാമായിരുന്നു .
അവൻ സിൻഹ മാഡത്തിന്റെ വേലക്കാരനാണ് , പുരുലിയയിലെ ദാരിദ്ര്യം നിറഞ്ഞ വീട്ടിൽ നിന്നും പട്ടിണിമരണത്തിന്റെ , കഷ്ടപ്പാടിന്റെ ,ജാതീയവെറികളുടെ കൈകൾ എത്താത്ത ഒരിടത്തേക്ക് അവന്റെ മാതാപിതാക്കൾ അവനെ പറിച്ചെറിഞ്ഞതാണ് .
ഒരു പത്തു വയസ്സുകാരൻ കൊൽക്കത്തയുടെ നഗരത്തിരക്കിലേക്കു , വിഹ്വലത നിറഞ്ഞ , ഓരോ നോട്ടത്തിലും ഭയം ഉളവാക്കുന്ന ,ഭാഷ അറിയാത്ത ചുറ്റുപാടുകളിലേക്കു കൂട്ടിക്കൊണ്ടു വരപ്പെട്ടതാണ് .
നീണ്ട ഇടനാഴികളും ആകാശം മുട്ടുമെന്നു തോന്നുന്ന ഭിത്തികളും , കമാനങ്ങളും നിറഞ്ഞ ഒരു കൂറ്റൻ വീട്ടിലെ ശബ്ദം ഉയർത്താതെ ,അനുസരിക്കാൻ മാത്രം പഠിച്ച അടിമയായി അവൻ ജീവിക്കാൻ തുടങ്ങിയിട്ട് വര്ഷം 17 ആയി . ഇതിനിടെ നാലോ അഞ്ചോ പ്രാവശ്യം മാത്രമാണ് സ്വന്തം വീട്ടിലേക്കു പോയത് , അതും ഓരോ രണ്ടോ മൂന്നോ നാൾ അന്തിയുറങ്ങാൻ മാത്രമായുള്ള അനുവാദവുമായി .
കഴിഞ്ഞ വര്ഷം അവന്റെ വിവാഹമായിരുന്നു , സിൻഹ മാഡം ആണ് നടത്തിയത് . അവന്റെ ഭാര്യ ഇവിടെ അടുക്കളയിലെ വേലക്കാരിയാണ് . അപ്പോളാണ് ആ കോട്ടക്കകത്തു മറ്റൊരു മനുഷ്യ ജീവി കൂടി ജീവിക്കുന്നുണ്ട് എന്ന് ഞാൻ മനസ്സിലാക്കിയത് .
വിശേഷങ്ങൾ പറഞ്ഞാൽ ഇന്നൊന്നും തീരില്ല എന്നെനിക്കു തോന്നിപ്പോയി , ഒരു പക്ഷെ വര്ഷങ്ങള്ക്കു ശേഷം ആവാം അവനു വിശ്വാസ പൂർവം സംസാരിക്കാൻ ഉതകുന്ന ഒരു മനുഷ്യ ജീവിയെ നേരിട്ട് കാണാനും ഇടപെടാനും സാധിച്ചത് . രണ്ടു മണിയായതോടെ അവൻ ധൃതിയിൽ പാത്രവും എടുത്തു യാത്ര പറഞ്ഞു പോയി .
പിറ്റേന്ന് രാവിലെ ചെറിയ ഫ്ലാസ്കിൽ ചായയും , ഇന്ഗ്ലീഷ് പത്രത്തിന്റെ ഒരു കോപ്പിയുമാണ് എന്നെ വരവേറ്റത് , ഒരു കള്ളത്തരം ചെയ്യുന്ന ഭാവവും , ഭയവും അവന്റെ മുഖത്ത് നിഴലിച്ചിരുന്നു .
ഈ ദിവസങ്ങളിൽ ഒന്നും ഞാൻ സിൻഹ മാഡത്തെ കണ്ടിരുന്നില്ല . ദിവസങ്ങൾ ഓടിപ്പോയി , ഉദ്ദേശിച്ച ജോലികൾ ഒക്കെ വേണ്ടത് പോലെ തന്നെ പൂർത്തിയാക്കി തീർത്തു . തിരികെ പോകും മുന്നേ ഉള്ള ദിവസം കൊൽക്കത്തയിൽ നിന്നും കുറെ കോട്ടൺ സാരികളും , ഹാൽദിറാം രാസഗുളയുമൊക്കെ വാങ്ങി കൊണ്ട് പോവാം എന്ന് കരുതി തയാറായി വെളിയിലേക്കിറങ്ങിയപ്പോൾ , അതാ മുന്നിൽ സിൻഹ മാഡം .
" നിങ്ങൾ നാളെ യല്ലേ പോകുന്നത് "
"അതെ "
" ക്ഷമിക്കണം , പിന്നീട് നിങ്ങളെ കാണാനോ , ക്ഷേമം അന്വേഷിക്കാനോ കഴിഞ്ഞില്ല , നിങ്ങള്ക്ക് താമസം ഇഷ്ടപ്പെട്ടെന് കരുതുന്നു , ആരും ബുദ്ധിമുട്ടിക്കുകയോ മറ്റോ ചെയ്തില്ലല്ലോ അല്ലെ ? "
"ഇല്ല , വളരെ സന്തോഷകരമായിരുന്നു ഈ ദിവസങ്ങൾ , കൊൽക്കത്തയെ ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയിരിക്കുന്നു "
" അല്ലാതെ വരാൻ വഴിയില്ലല്ലോ ? , വെറുതെയാണോ ഇതിനെ സന്തോഷത്തിന്റെ നഗരം എന്ന് വിളിക്കുന്നത് ? . ഒരു കാര്യം ചെയ്യൂ , ഇന്ന് അത്താഴം നമുക്കൊന്നിച്ചാകാം , നിങ്ങള്ക്ക് വേറെ ബുദ്ധിമുട്ടൊന്നും കാണില്ലെന്ന് കരുതുന്നു , നമുക്കൊന്ന് അടുത്ത് പരിചയപ്പെടാൻ കഴിഞ്ഞില്ലല്ലോ ? വൈകിട്ട് ഏഴുമണിക്ക് താഴേക്കു വന്നോളൂ "
നിരസിക്കാൻ തോന്നിയില്ല . ഷോപ്പിങ്ങൊക്കെ കഴിഞ്ഞു വന്നു ,സാധനങ്ങൾ പാക്ക് ചയ്തു . കുളിച്ചു റെഡി ആയി , ഏഴു മണിക്ക് തന്നെ താഴെയെത്തി .
" വരൂ , ചായയോ അതോ കാപ്പിയോ ? അല്ലെങ്കിൽ വേണ്ട അല്പം വിസ്കി ആയാലോ ? നിങ്ങൾ മലയാളികൾ മദ്യപിക്കാത്തവർ ഒന്നുമല്ല എന്ന് ലോകത്തിനു മൊത്തം അറിയാം " കുസൃതി ചിരിയോടെ അവർ പറഞ്ഞു .
സ്‌ഫടിക ഗ്ലാസിൽ ഐസ് കഷ്ണങ്ങൾ നിരക്കെ ഒഴിച്ച വിസ്‌കി ഗ്ലാസ് കൈമാറിക്കൊണ്ട് ഞങ്ങൾ ഇംഗ്ലീഷിൽ സംഭാഷണം ആരംഭിച്ചു .
" പറയു , നീയും രഘുവിനെ പോലെ യാത്ര ഇഷ്ടപ്പെടുന്ന ആളാണോ ? നിന്റെ ഭാര്യ വളരെ ക്ഷമ ഉള്ള പെണ്ണായിരിക്കണം "
" യാത്ര ,എനിക്കും വളരെ ഇഷ്ടമാണ് ഭാഗ്യവശാൽ എനിക്കിതുവരെ ഭാര്യയില്ല , ആരെ എങ്കിലും ഭാര്യ ആക്കാൻ തോന്നുന്ന നിമിഷം ഞാൻ ഈ ജോലി വിടും "
" നന്നായി , സ്ത്രീകൾ സ്നേഹിക്കപ്പെടേണ്ടവർ ആണ് , 24 മണിക്കൂർ സ്നേഹിച്ചാലും അവർ പിന്നെയും പരാതി പറഞ്ഞു കൊണ്ടേ ഇരിക്കും "
നർമ ഭാഷണങ്ങളിലൂടെ സമയം മുന്നോട്ടു പോയി. രാവിലെ എണീറ്റ് പോകേണ്ടത് കൊണ്ട് ഞാൻ ആദ്യം ഒഴിച്ച മദ്യം സാവധാനത്തിൽ കുടിച്ചു കൊണ്ടിരുന്നു . മാഡം സിൻഹയുടെ ഗ്ലാസ് നിറഞ്ഞു ഒഴിഞ്ഞു കൊണ്ടിരുന്നു . അതിനിടയിൽ കോമളിനോട് അത്താഴം വിളമ്പാൻ അവർ ആവശ്യപ്പെട്ടു . ഓരോ തവണ അവൻ തീന്മേശയിലേക്കു വിഭവങ്ങൾ കൊണ്ട് വരുമ്പോളും അവർ ബംഗാളിയിൽ എന്തൊക്കെയോ പുലമ്പുന്നുണ്ടായിരുന്നു , അവന്റെ പകച്ച കണ്ണുകളിൽ നാണക്കേടും , ഭയവും ,ദൈന്യതയും കണ്ടുകൊണ്ടു ആത്മനിന്ദയോടെ എനിക്ക് അവിടെ ഇരിക്കേണ്ടി വന്നു .
" വരൂ , അത്താഴം കഴിക്കാം " തീന്മേശയിലേക്കു ക്ഷണിച്ചു കൊണ്ട് മദ്യക്കുപ്പിയും ഗ്ലാസും എടുത്തവർ മുന്നേ നടന്നു .
ഓരോ വിഭവങ്ങളും എടുത്തു കഴിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് അവർ ,വീണ്ടും ഗ്ലാസ് നിറച്ചു .
ഉള്ളിൽ നിറഞ്ഞ അസഹ്യതയോടും , നിസ്സഹായതയോടും അവർ പറഞ്ഞത് ഞാൻ അനുസരിച്ചു .
" നിനക്കറിയാമോ , എന്റെ പതിനഞ്ചാം വയസ്സിൽ ആണ് എന്നെ ഈ നഗരത്തിലേക്ക് വിവാഹം ചെയ്തയച്ചത് , ധനാഢ്യരായ കുടുംബത്തിലെ ഒറ്റ മകന്റെ ഭാര്യയായിട്ട് . എല്ലാ സൗഭാഗ്യങ്ങളും ഉള്ള ജീവിതം . കുടുംബ പരമായ സ്വത്തിനു പുറമെ ഏറെ എന്റെ ഭർത്താവും സമ്പാദിച്ചിട്ടുണ്ട് . ഇന്ത്യയിലെ പ്രശസ്തമായ പല കമ്പനികളുടെയും ആദ്യകാല ഓഹരി ഉടമകൾ ആയിരുന്നു ഞങ്ങൾ , ഈ വീട് കൂടാതെ എനിക്ക് കൊൽക്കത്തയിൽ ഏറെ വസ്തു വകകൾ ഉണ്ട് . എന്ത് ഫലം? ഇതൊക്കെ അനുഭവിക്കേണ്ട എന്റെ ഏക മകൻ ഇപ്പൊ അമേരിക്കയിൽ ഒരു വിവാഹം കഴിച്ചു കൂടിയിരിക്കുകയാണ് "
അവർ സ്വന്തം ജീവിത കഥ കെട്ടഴിച്ചു വിട്ടു തുടങ്ങി , കേൾക്കാതെ വേറെ വഴിയില്ലല്ലോ .
" അവൻ ഇനിയെന്നെങ്കിലും ഇവിടെ വന്നു താമസിക്കുമെന്നോ , എനിക്ക് വയ്യാതാകുമ്പോൾ കൂടെ നിൽക്കുമെന്നോ എനിക്ക് പ്രതീക്ഷയില്ല , അതോർത്തു വിഷമിച്ചു ഇരിക്കാൻ ഞാൻ ഒട്ടും തയാറുമല്ല . എന്റെ സമയവും ജീവിതവും എനിക്കിഷ്ടമുള്ള പോലെ ഞാൻ ജീവിച്ചു തീർക്കുകയാണ് " അവർ തുടർന്നു .
" നീ കരുതുന്നുണ്ടാവും ,ഞാൻ ഒരു ക്രൂരയായ സ്ത്രീ ആണെന്ന് , എന്റെ വേലക്കാരൻ ചെക്കനോട് ഞാൻ പെരുമാറുന്നത് നീ ഇത് വരെ കണ്ടിരിക്കുകയായിരുന്നില്ലേ ? "
ഞാൻ ഒന്ന് പകച്ചു , ഉത്തരം പറഞ്ഞില്ല , അവർ അത് പ്രതീക്ഷിച്ചതുമില്ലെന്നു തോന്നി
" നിനക്കറിയാമോ , പട്ടിണി കിടന്നു ചാകാതെ രക്ഷപെടുത്താൻ വേണ്ടി ഇവനെ അവന്റെ നാട്ടിൽ നിന്നും ഞാൻ കൊണ്ടുവന്നതല്ല , അവന്റെ അച്ഛന് പണം കൊടുത്തു വാങ്ങിയതാണ് . ഇവിടെ കൊണ്ട് വന്നു എഴുതാനും വായിക്കാനും പഠിപ്പിച്ചു , പാചകവും ,തോട്ടപണിയും ശീലിപ്പിച്ചു , വലുതായപ്പോൾ ഡ്രൈവിങ്ങും പഠിപ്പിച്ചു . ഇതൊക്കെ എന്റെ ആവശ്യങ്ങൾ നടക്കാനാണ് പക്ഷെ , എല്ലായ്പ്പോഴും ഞാൻ പണം മുടക്കി അവനെ ഇതൊക്കെ പഠിപ്പിക്കുന്നതാണ് എന്ന ചിന്ത അവനും അവന്റെ കുടുംബത്തിനും ഉണ്ടാവാൻ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട് . അവന്റെ വീട്ടുകാർക്ക് ഗ്രാമത്തിൽ വീട് വെക്കാൻ ഞാൻ പണം മുടക്കിയിട്ടുണ്ട് , കൃഷിക്ക് സഹായിക്കാൻ , കന്നിനെ വാങ്ങാൻ , എന്തിനേറെ ഇവന്റെ വിവാഹം നടത്താൻ കൂടെ ഞാൻ ചിലവാക്കിയ കാശ് അണ പൈസാ കുറയാതെ കാണിച്ചു കൊണ്ട് ഇവനെക്കൊണ്ടും ഇവന്റെ വീട്ടുകാരെ കൊണ്ടും ഞാൻ മുദ്ര പത്രത്തിൽ എഴുതി ഒപ്പിട്ടു വാങ്ങിയിട്ടുണ്ട് . ആ പണം എനിക്കോ എന്റെ മകനോ തരാതെ ഇവന് എന്നെ വിട്ടു പോവാൻ പറ്റില്ല, അത് തന്നു തീർക്കാൻ ഈ ജന്മം അവനെക്കൊണ്ട് സാധിക്കുകയുമില്ല ."
ഒന്ന് നിർത്തിയിട്ടു അവർ തുടർന്നു
"പണം തരാതെ പോവാൻ ശ്രമിച്ചാൽ അവൻ മാത്രമല്ല അവരെല്ലാം അകത്താകും എന്ന് അവനോടും അവന്റെ കുടുംബത്തോടും ഞാൻ തീർത്തു പറഞ്ഞിട്ടുണ്ട് .
അവൻ എന്റെ ജോലിക്കാരൻ ആയതു കൊണ്ടാണ് അവനും അവന്റെ കുടുംബവും ഇപ്പോൾ ഇങ്ങനെ ജീവിക്കുന്നത് എന്ന ചിന്ത ഒരിക്കലും അവനെ വിട്ടു പിരിയാൻ ഞാൻ സമ്മതിക്കില്ല .
ഒരിക്കൽ പോലും അവൻ എന്നെ സഹായിക്കുകയാണെന്നോ , ഞാൻ അവന്റെ സഹായത്താൽ ജീവിക്കുകയാണെന്നോ ഉള്ള ചിന്ത അവനുണ്ടാവരുത് , അതിനാണ് ഞാൻ എന്തിനും ഏതിനും അവനെ വഴക്കു പറയുകയും ,ഭർസിക്കുകയും ചെയ്യുന്നത് "
ഞാൻ കുടിച്ച മദ്യം ആവിയായി പോയ പോലെ വാ പൊളിച്ചിരുന്നു
എന്റെ ഗ്ലാസ് വീണ്ടും നിറച്ച ശേഷം ഒരു കള്ളച്ചിരിയോടെ അവർ തുടർന്നു
" എനിക്ക് കമ്പനികളിൽ ഓഹരികൾ ആയും , കണ്ണായ സ്ഥലങ്ങളിൽ വസ്തു വകകൾ ആയും , പണ്ടമായും പണമായും ഏറെ നിക്ഷേപങ്ങൾ ഉണ്ട് . പക്ഷെ അവയേക്കാൾ ഏറെ എനിക്ക് ലാഭം തരുന്നതും , എന്റെ ജീവിതത്തിൽ ഞാൻ ഏറെ ബുദ്ധി പൂർവം ചെയ്തതുമായ ഒരു ഇൻവസ്റ്മെന്റ് ആണ് ആ നിൽക്കുന്നവൻ , കോമൾ എന്ന എന്റെ എക്കാലത്തെയും മികച്ച നിക്ഷേപം , നിനക്കെന്തു തോന്നുന്നു ? "
മൊഴി മുട്ടിയ ഞാൻ വിസ്കി ഗ്ലാസ് അപ്പാടെ കാലിയാക്കി . കോമൾ ദൈന്യതയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു .
By
Arunkumar
Ashington
Northumberland
No comments:
Post a Comment