Thursday, April 14, 2011

എന്നാലും എന്റെ കര്‍ത്താവെ

പഠനത്തിനായി (????) തിരുവനന്തപുരത്ത് ശ്രീ ചിത്രയില്‍ ഉള്ള സമയം . ഹോസ്റ്റല്‍ താമസവും , നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യവും ചേര്‍ന്ന് അര്‍മാദിക്കുന്ന ലോകം . കൂടെ ഉള്ളവര്‍ അലമ്പിന്റെ ആശാന്മാര്‍ ആയതു കൊണ്ട് കമ്പനി ഇല്ലെന്നുള്ള വിഷമം ഒട്ടും അലട്ടിയില്ല . ഇതില്‍ അലമ്പില്‍ ഉസ്താദ്‌ ആയ ഒരു ത്രിശുര്‍ക്കാരന്‍ ഒരു ദിനം രാവിലെ പറഞ്ഞ വാക്കുകള്‍ ഞങ്ങള്‍ക്കൊക്കെ ഹൃദയാഘാതം ഉണ്ടാക്കികളഞ്ഞു. അവന്‍ പോട്ടയില്‍ ധ്യാനത്തിന് പോകുന്നുവത്രെ . ഇനി നല്ലവനായി ദൈവ ഭയത്തോടെ ജീവിക്കാന്‍ തീരുമാനിച്ചു ,അതുകൊണ്ട് അവനെ അലമ്പ് കൂട്ടിനു ഇനി പ്രതീക്ഷിക്കേണ്ട . ഞങ്ങള്‍ക്ക് കുറെ ദിവസത്തേക്ക് ആ വാര്‍ത്ത‍ വിശ്വസിക്കാനായില്ല എങ്കിലും , മരണവീടുകളില്‍ കുറെ ദിവസത്തിന് ശേഷം ചിരികളികള്‍ തിരികെ വരുംപോലെ പൂര്‍വാധികം അലമ്പ് ഞങ്ങള്‍ക്ക് തുടരേണ്ടി വന്നു .
ഈ കഥാപാത്രം ധ്യാനം കൂടി തിരികെ വന്ന ശേഷം , രാവിലെ എണീക്കുക , പ്രാര്‍ത്ഥിക്കുക , ചീത്ത പറയാതിരിക്കുക , മദ്യപിക്കാതിരിക്കുക തുടങ്ങിയ ദുര്‍ ഗുണങ്ങള്‍ തുടങ്ങി വെച്ചു, അത് മുറിയന്
കൂടെ ശല്യമായി തുടങ്ങി .കൂടാതെ രാവിലെ പഠനത്തിനു പോകും മുന്‍പേ ബൈബിള്‍ വചനങ്ങള്‍ ചെറു കടലാസുകളില്‍ എഴുതി നിറച്ച പെട്ടിയില്‍ നിന്നും ഒരു വചനം എടുത്തു വായിച്ചു മാത്രമേ പോകൂ എന്ന ശീലവും തുടങ്ങി .
എന്ത് പറയാന്‍ പരോപകാരമേ പാപം , പുണ്യമേ പര പീഡനം എന്ന മഹല്‍ വചനത്തില്‍ വിശ്വസിക്കുന്ന ഞങള്‍ ഇവനെ പതിയെ ചൊറിഞ്ഞു തുടങ്ങി . എത്ര മൂടി വെച്ചാലും ഇഷ്ടന്റെ പഴയ ശീലങ്ങള്‍ അത് മൂലം തിരികെ വരുന്ന ലക്ഷണം കണ്ടു തുടങ്ങുകയും ചെയ്തു , അതായതു ഒളിഞ്ഞു പോയി പുകവലി നടത്തുക , രാത്രിയില്‍ പോയി ഫാഷന്‍ ചാനെല്‍ കാണുക എന്നിങ്ങനെ . ഏതാണ്ട് രണ്ടു ആഴ്ച കൊണ്ട് അയാള്‍ മുക്കാല്‍ പങ്കും തിരികെ വന്നു കഴിഞ്ഞു , എന്നാലും ബൈബിള്‍ വചനം വായന എന്നും രാവിലെ തുടര്ന്നു .

ഒരു ദിവസം രാവിലെ ബൈബിള്‍ വചനം എടുത്ത അവനു കിട്ടിയത് ഇങ്ങനെ " ദുഷ്ടനെ ദൈവം പന പോലെ വളര്‍ത്തും " , നിരാശനായ ഇയാള്‍ അത് തിരിച്ചു വെച്ചു വേറെ ഒരെണ്ണം എടുത്തു . അതിങ്ങനെ " അന്യന്റെ ഭാര്യയെ ആഗ്രഹിക്കരുത് "

നിയന്ത്രണം വിട്ടു പോയ പാവം ബൈബിള്‍ പെട്ടി വെച്ചിട്ട് കര്‍ത്താവിന്റെ ഫോട്ടോയെ നോക്കി ഇങ്ങനെ ഒരു ടെയലോഗ് " എന്റെ കര്‍ത്താവെ നിനക്കെന്നെ ഒരു ദിവസം എങ്കിലും ഒന്ന് നല്ലവന്‍ ആക്കാമോ ? അല്ലെകില്‍ വേണ്ട ഒരു മണിക്കൂര്‍ എങ്കിലും ? അതിലും കൂടുതല്‍ കപ്പാസിടി ഒന്നും നിനക്കില്ല എന്നെനിക്കറിയാം . "



വാല്‍ : വളരെ വര്‍ഷങ്ങള്‍ക്കു ശേഷം ഇദ്ദേഹത്തിന്റെ കുമ്പസാരം " അളിയാ അന്ന് ജെസ്സി പറഞ്ഞിട്ടാണ് ഞാന്‍ ധ്യാനിക്കാന്‍ പോയത് .അന്ന് അഞ്ചു ദിവസം അവളും ധ്യാനം കൂടാന്‍ വന്നിരുന്നു "