അഥീനിയം റൈറ്റേഴ്‌സ് സൊസൈറ്റിയുടെ 2019 ലെ പ്രസിദ്ധീകരണമായ മഷിത്തണ്ടിൽ ഉൾക്കൊള്ളിച്ച ചെറുകഥ
ഓർമ മരങ്ങൾ
"ഡാഡി ഒരല്പം പ്രാക്ടിക്കൽ ആയി ചിന്തിച്ചു നോക്കൂ , അത്രയും സ്ഥലവും പഴയ വീടും കൈയിൽ വെച്ചിരുന്നിട്ടു ഇനിയെന്ത് കാര്യമാണ് ? , ഞാനും കുടുംബവും പ്രവാസികൾ ആണ് , ഉടനെയെന്നെങ്കിലും തിരികെ നാട്ടിൽ വന്നു സെറ്റിൽ ചെയ്യാനാവും എന്ന് തോന്നുന്നില്ല , അതുപോലെ തന്നെയാണ് അനിതയും അളിയനും . ഒരു കാലത്തു ഞങ്ങൾ തിരികെ നാട്ടിലെത്തി താമസിച്ചേക്കാം , എന്നാലും ഈ കുഞ്ഞുങ്ങൾ ഒക്കെ ഇവിടേയ്ക്ക് തിരികെ വരും എന്ന് അച്ഛന് തോന്നുന്നുണ്ടോ ? "
" അതൊക്കെ ശരിയാണ് മോനെ " പതർച്ച ഒളിപ്പിക്കാൻ വൃഥാ ശ്രമിച്ചുകൊണ്ട് അയാൾ തുടർന്നു , " എന്തൊക്കെ ആണെങ്കിലും ഞാനും നീയുമടക്കം നാലഞ്ചു തലമുറ എങ്കിലും ജനിച്ചതും വളർന്നതും ആ മണ്ണിലല്ലേ , അത് വിറ്റൊഴിവാക്കണം എന്ന് പറയുമ്പോ കണ്ണടച്ച് സമ്മതിച്ചു തരാൻ എനിക്കാവുന്നില്ലെടാ " അത് പറഞ്ഞു തീർന്ന നിമിഷം താൻ അറുപത്തിയൊന്പത് വര്ഷം പ്രായമുള്ള , ജീവിതം ഏറെ കണ്ട മനുഷ്യൻ എന്നത് മറന്നു പക്വതയില്ലാത്ത ചെറിയ കുട്ടിയായി തീർന്നു എന്ന് അയാൾ ലജ്ജയോടെ തിരിച്ചറിഞ്ഞു .
" ഡാഡി ഇത്ര ഇമോഷണൽ ആവേണ്ടതുണ്ടോ ? , വെൽ ട്രാവെൽഡ് വേൾഡ് വൈഡ് , എന്ന് സ്വയം അഭിമാനിക്കുന്ന , എന്ത് കാര്യത്തിനും പക്വതയോടും യാഥാർഥ്യ ബോധത്തോടും തീരുമാനം എടുക്കണം എന്ന് ഞങ്ങളെ പറഞ്ഞു പഠിപ്പിച്ച ആൾ അല്ലെ ഇത് "
" ഇമോഷണൽ " എന്ന വാക്ക് ഏറെ വെറുത്തിരുന്നു , അത് കേൾക്കുമ്പോഴൊക്കെ അച്ഛനെ ആണ് അയാൾക്ക് ഓര്മ വന്നിരുന്നത് ഒരല്പം കുസൃതി കലർന്ന ഭാവത്തോടെ അയാളെ കളിയാക്കി ചിരിക്കുന്ന അച്ഛന്റെ മുഖം , ഒരൽപം വെറുപ്പുള്ള ഈർഷ്യയോടെ മാത്രമേ അയാൾക്ക് ഓർക്കാൻ കഴിഞ്ഞിരുന്നുള്ളൂ .
ഓമനിച്ചു വളർത്തിയ മൈനക്കുഞ്ഞിനെ കാണാതായപ്പോൾ , കളപ്പുരയിൽ പഴയ പത്തായത്തിൽ ഒളിപ്പിച്ചു വളർത്താൻ നോക്കിയ പൂച്ചക്കുഞ്ഞിനെ അപ്പൂപ്പൻ കളയാൻ കൊടുത്തു വിട്ടപ്പോൾ , കൗമാരത്തിൽ ഭഗ്നമായ ആദ്യപ്രണയത്തിന്റെ വേദനയിൽ അയാൾ തളർന്നിരുന്നപ്പോൾ ഒക്കെ ആ വാക്ക് കേട്ടിട്ടുണ്ട് "ഇമോഷണൽ ഇഡിയറ്റ് " , അച്ഛൻ തന്നെ വിശേഷിപ്പിക്കാറുണ്ടായിരുന്ന ആ വാക്ക് എന്നും ജീവിതത്തിൽ വിഹ്വലതകൾ ഉണ്ടാക്കിയിട്ടേയുള്ളൂ . ക്രമേണ ഞാൻ അങ്ങനെയൊരാൾ അല്ല എന്ന് കാണിക്കാൻ , വികാരങ്ങളെ അടക്കി കഠിനമായ തീരുമാനങ്ങൾ എടുക്കാൻ എടുക്കേണ്ടി വന്നിട്ടുണ്ടെന്നത് അയാൾ ഓര്ത്തു . ഇപ്പോൾ സ്വന്തം മകനും ആ വാക്ക് പറയുമ്പോൾ , മനസ്സിനിഷ്ടമല്ലാതെ , സ്വന്തം വികാരങ്ങളെ കടന്നു , സമരസപ്പെടാൻ ഒരിക്കലും ആവാത്ത വിവേകപൂർണ്ണം എന്ന് ആർക്കും വിശേഷിപ്പിക്കാവുന്ന ഒരു തീരുമാനം അയാൾക്ക് എടുക്കേണ്ടി വന്നു .
കരാർ എഴുത്തും അഡ്വാൻസ് വാങ്ങലും ഒക്കെ വളരെ പെട്ടന്നായിരുന്നു . ഒരു വേള ഇതൊക്കെ തീരുമാനിച്ച ശേഷം ആണോ കുട്ടികൾ ഈ വിഷയം തന്നോട് അവതരിപ്പിച്ചത് എന്ന് പോലും അയാൾ സംശയിച്ചു . വാങ്ങാൻ തീരുമാനിച്ചവർ സ്ഥലം അളക്കാനും മറ്റും വരുന്നു എന്ന് മകൻ പറഞ്ഞപ്പോൾ ആണ് , ഒന്നവിടെ പോയി കണ്ടു വരികയോ പറ്റിയാൽ ഒരു ദിവസം അവിടെ താമസിക്കുകയോ ചെയ്തു വരാം എന്നയാൾക്ക് തോന്നിയത് . ഒരു പക്ഷെ ഇനിയൊരിക്കലും ആ മണ്ണ് താൻ കണ്ടേക്കില്ല , ആ ജീവ വായു തനിക്കു ശ്വസിക്കാനും ആവില്ല എന്നൊരു ചിന്ത അയാളിൽ നിറഞ്ഞു തുടങ്ങിയിരുന്നു . ബാഗ് തയാറാക്കുമ്പോഴും , റെയിൽവേ സ്റ്റേഷനിൽ ഒരു ഓട്ടോ അയച്ചു തരാൻ രവിയോട് ഫോൺ ചെയ്തു പറയുമ്പോഴും ഒക്കെ മകനോ പേരക്കുട്ടികളോ അറിയാതെ എങ്കിലും ആ വാക്ക് ഉച്ചരിക്കുന്നുണ്ടോ എന്നയാൾ വെറുതെ ഭയന്നു " ഇമോഷണൽ ഇഡിയറ്റ് " .
ആറിത്തണുത്ത പകലിൽ ആണയാൾ അവിടെ എത്തിച്ചേർന്നത് , പച്ച നിറഞ്ഞ പറമ്പും പുരയിടവും കാഴ്ചയുടെ ആദ്യനിമിഷത്തിൽ തന്നെ അയാളിൽ കുളിർ നിറച്ചു , നിമിഷാർദ്ധം കൊണ്ട് തന്നെ സങ്കടക്കടലിൽ ആക്കുകയും ചെയ്തു . വീടിന്റെ താക്കോൽ ഏൽപ്പിച്ചു പോവും മുന്നേ പ്രഭാത ഭക്ഷണവുമായി വരാം എന്ന് രവി ഏറ്റു . രവിയുടെ അമ്മയും അയാളും സഹോദരങ്ങളുടെ മക്കൾ ആയിരുന്നു ., ആ പാടത്തും പറമ്പിലും ഓടിക്കളിച്ചു നടന്ന കുട്ടികൾ , സ്വന്തബന്ധങ്ങളുടെ കണ്ണികൾ .അവയുടെ ഇഴയടുപ്പങ്ങൾ കുറഞ്ഞും അകന്നും പോവുന്ന കാഴ്ച നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ അയാൾക്ക് ആവുമായിരുന്നുള്ളൂ .
തിരികെ പോവും മുന്നേയുള്ള ഒരു നിമിഷം പോലും പാഴാക്കരുത് എന്ന് തീരുമാനിച്ചുറപ്പിച്ചപോലെ അയാൾ ആ വിശാലമായ ലോകത്തേക്കിറങ്ങി , ഓരോ മുക്കിലും മൂലയിലും പുല്ലിലും പടർപ്പിലും , മാവിലും മരത്തിലും , നിറങ്ങളും ഗന്ധങ്ങളും നിറഞ്ഞൊഴുകുന്ന ഒരായിരം ഓർമകൾ അയാളെ കാത്തു നിന്നിരുന്നു . ഓരോ അണുവിലും ബാല്യ കൗമാര യൗവന സ്മരണകൾ , കൗതുകങ്ങൾ ഒക്കെ തൊട്ടറിയാൻ അയാൾ വെമ്പി നടന്നു .
പറമ്പിന്റെ തെക്കേ മൂലയിലെ പ്ലാവിനോട് ചേർന്നാണ് തന്റെ പ്രപിതാമഹനെ അടക്കംചെയ്തത് , അന്ന് ആറു വയസ്സ് മാത്രം പ്രായമുള്ള ഒരു കുട്ടിയായിരുന്നു . അമ്മൂമ്മയും ,വല്യഅപ്പച്ചിമാരും , അമ്മയും , കുഞ്ഞമ്മയും ഒക്കെ കരഞ്ഞും തളർന്നും കിടക്കുന്നതും , ജീവസറ്റ ആ ശരീരം കുളിപ്പിച്ച് മരണാനന്തര ചടങ്ങുകൾ നടത്തുന്നതും ഒക്കെ അവ്യക്തമാണെങ്കിലും അയാൾ ഓർക്കുന്നുണ്ടായിരുന്നു . കുഴിയിലേക്കിറക്കി ആ ശരീരം മണ്ണിട്ട് മൂടുന്ന കാഴ്ചയേക്കാൾ ആ കുട്ടിയുടെ മനസ്സിൽ , വ്യക്തത ആ പ്ലാവിന്റെ തായ്തടി മൂടുംവണ്ണം അന്ന് ചക്ക കായ്ച്ചിരുന്നു എന്ന അത്ഭുത ദൃശ്യത്തിനായിരുന്നു .
ആകാശം മുട്ടും വണ്ണം കാഴ്ചയെ മറച്ചു നിന്നിരുന്ന മാവുകൾ , പൂത്തു മറിഞ്ഞു കായ്ച്ചു നിറഞ്ഞിരുന്ന കാഴ്ച ഏതോ വിദൂര ഭൂതകാലത്തിൽ ആയിരുന്നു എന്ന് തോന്നിപ്പോയി , ജരാനര ബാധിച്ച വൃദ്ധരെപോലെ മരവിപ്പോടെ അവയൊക്കെ അവിടെ നിൽക്കുന്നുണ്ട് , ഒരു പൂംകുലക്കോ മാമ്പഴത്തിനോ വേണ്ടി ഒരു കുഞ്ഞു ആ വഴി വന്ന കാലം അവയും എന്നോ മറന്നു പോയത് പോലെ അയാൾക്ക് തോന്നി . അതിനേക്കാൾ ഏറെ ഒരു കൊച്ചു കുട്ടിയിൽ നിന്നും അമ്പേ നരച്ച വൃദ്ധനായി താൻ പരിണമിച്ച കാഴ്ച അവർ ഉൾക്കണ്ണുകളാൽ കാണുന്നുണ്ടാവാം എന്നയാൾ സന്ദേഹിച്ചു .
വടക്കു മാറി കുളക്കരയിൽ നിന്നിരുന്ന ഇല്ലിക്കൂട്ടം യൗവനം വിടാതെ തന്നെ നിൽപ്പുണ്ട് , മഞ്ഞ നിറത്തിൽ തിളക്കവും മിനുസവും ഉള്ള വഴുവഴുപ്പാർന്ന ഉടൽ പ്രദർശിപ്പിച്ചു കൊണ്ട് ഒരു മഞ്ഞച്ചേര അതിൽ വെയിൽ കാഞ്ഞു കിടന്നതു കാണാൻ അനിയത്തിയെ കൂട്ടി പോയ കാര്യം കൗതുകത്തോടെ അയാൾ ഓർത്തു .
ഒറ്റയ്ക്ക് പോവുന്ന കുട്ടികളെ പിടിക്കുന്ന ഭീമാകാരനായ ജലഭൂതം ഉണ്ടെന്നു 'അമ്മ പറഞ്ഞു പേടിപ്പിക്കുമായിരുന്ന കുളം , ആ കാലം പോകെ അവരൊക്കെ ആർത്തു വിളിച്ചു കുളിച്ചു മദിച്ച കുളം ,ഇന്ന് പായൽ നിറഞ്ഞു അരികുകളിൽ പുല്ലുകൾ ആർത്തു വളർന്നു കിടക്കുന്ന ജീവസറ്റ ഒരു കൊക്കർണിയായി മാറിപ്പോയിരിക്കുന്നു .
അമ്മ നട്ടുനനച്ച ഞാവലും മൈസൂർ ചാമ്പ മരങ്ങളും ഒക്കെ അകാല വാർദ്ധക്യം ബാധിച്ച മനുഷ്യരെ പോലെ നിൽക്കുന്നുണ്ട് , കാലം തെറ്റിയെങ്കിലും ഒരു പൂവോ കുഞ്ഞു കായോ അതിൽ കാണാൻ സാധിച്ചിരുന്നെങ്കിൽ എന്നയാൾ ആശിച്ചു പോയി ..
പുരയിടത്തിൽ അവശേഷിച്ചിരുന്ന തെങ്ങുകൾ ഒക്കെ രോഗഗ്രസ്തമായൊ വളർച്ച മുരടിച്ചോ നിൽക്കുകയാണെങ്കിലും , ചുവന്ന നിറത്തിൽ തേങ്ങാ ഉണ്ടായിരുന്ന ആ ഒറ്റത്തെങ്ങു ഓര്മവെച്ച കാലം മുതൽ എങ്ങനെ ആയിരുന്നോ അങ്ങിനെ തന്നെ നിൽപ്പുണ്ടായിരുന്നു , അതിന്റെ മേലെ തുഞ്ചത്തു ഓലയിൽ ഇരുന്നു ചൂളം വിളിക്കുന്ന കാക്കത്തമ്പുരാട്ടി പോലും അവിടെനിന്നും ഈ കാലമത്രയും അനങ്ങിയിട്ടില്ല എന്ന് തോന്നിപ്പോയി .
അതീവ രഹസ്യമായി അവൻ നോക്കിയിരുന്ന ഒരു കാഴ്ചയും അവിടെ ഉണ്ടായിരുന്നു , ഒരു പേരറിയാമരം തായ് തടി വളർന്നു രണ്ടായി പിരിയുന്നിടത്തു , ആൺ കൗമാരങ്ങളുടെ ജൈവപരമായ കൗതുകത്തെ അങ്ങനെ തന്നെ പകർത്തി വെച്ചിരുന്ന പ്രകൃതി , അവനെയും കൂട്ടുകാരെയും ആ പ്രായത്തിൽ ഏറെ നിഗൂഢമായ ആനന്ദത്തിൽ ആറാടിച്ചിരുന്നു .
കിഴക്കേ പറമ്പാണ് വീണ്ടും അത്ഭുതപ്പെടുത്തിയത് , കുട്ടിയായിരിക്കെ അപ്പൂപ്പൻ അഞ്ചോ ആറോ മഹാഗണി തൈകൾ കൊണ്ട് നട്ടത് അയാൾ ഓർക്കുന്നുണ്ട് . നട്ടതിനു ശേഷം ആദ്യം വെള്ളം നനച്ചതു താനും അനിയത്തിയും ഒപ്പമായിരുന്നു , ചെറിയ പുട്ടുകുടത്തിൽ നിറയെ കോരിക്കൊണ്ടു വന്നു ഓരോ തയ്യിനും വയർ നിറയുവോളം മത്സരിച്ചു കോരി ഒഴിച്ച ദിവസം . അവയൊക്കെ പ്രതീക്ഷ തെറ്റിക്കാതെ കരുത്തോടെ വളർന്നു എന്ന് മാത്രമല്ല , കട്ടിയുള്ള പുറംതോടുകൾ ഉള്ള , ആത്തച്ചക്കയെ അനുസ്മരിപ്പിക്കും വിധം ഉള്ള കായ്കൾ ഉണ്ടാവുകയും അവ പൊട്ടി വീണിടത്തൊക്കെ തൈകൾ നിറഞ്ഞു ഒരു ചെറിയ മഹാഗണി വനം തന്നെ കാലക്രമേണ ഉണ്ടാക്കിയിരുന്നു . ഓരോ ഇടവേളകൾക്കും ശേഷം അവയുടെ എണ്ണം കൂടി വരികയും കൊഴിഞ്ഞു വീണ ഇലകളാൽ ഭൂമിക്കു മേൽ ഒരു കനത്ത ഇലപ്പുതപ്പ് ഉണ്ടാക്കുകയും ചെയ്തു . ആ നിശബ്ദ ശാന്തതയിൽ ഇരുന്നാണ് അയാൾ ആദ്യ പ്രണയ ലേഖനം എഴുതിയത് , അതിന്റെ മറുപടി തീവ്രമായ ഹൃദയമിടിപ്പോടെ വായിച്ചത് .....
കൗതുകമൊഴിഞ്ഞ കളിപ്പാട്ടം വലിച്ചെറിഞ്ഞ കുട്ടിയെപ്പോലെ അവൾ ആ പ്രണയത്തെ കൈയൊഴിഞ്ഞപ്പോൾ , ആരും കാണാതെ കണ്ണീരൊഴുക്കിയതും അവിടെയായിരുന്നു , ഇന്നതാലോചിക്കുമ്പോൾ അച്ഛന്റെ മുഖമാണ് മനസ്സിൽ വരുന്നത് , ആ മുഴക്കമുള്ള ശബ്ദവും " ഇമോഷണൽ ഇഡിയറ്റ് "
പെട്ടന്നാണ് പ്രിയങ്കരിയായ മുല്ലവള്ളിയെ ഓര്മ വന്നത് , രാവ് പുലരുവോളം പൂത്തുലഞ്ഞു സുഗന്ധം നിറച്ചു നിൽക്കുമായിരുന്ന ആ സുന്ദരി , അത് പടർന്നു കയറി നിന്നിരുന്നതു ഗന്ധരാജൻ , എന്ന് വിളിച്ചിരുന്ന രാവിൽ വിടരുന്ന ഹൃദയഹാരിയായ ,മൃദു സുഗന്ധം നിറഞ്ഞ വെളുത്ത പൂക്കൾ നിറഞ്ഞ ഒരു ചെറു വൃക്ഷത്തിൽ ആയിരുന്നു ..
പുലർച്ചെ പൂക്കൾ കൊഴിച്ചു മേലാപ്പ് അഴിച്ചു നിൽക്കുമായിരുന്ന മുല്ലവള്ളിയെ അവൾ ആയും , പടർന്നു കയറിയ വൃക്ഷത്തെ താനായി വിചാരിച്ചു ദിവാസ്വപ്‌നം കണ്ടു നടന്നത് ഓർത്തപ്പോൾ നാണമോ ചമ്മലോ ഒക്കെ തോന്നിപ്പോയി . ആ മരം വാടി ഉണങ്ങി പോയെങ്കിലും , മുല്ലവള്ളി ഇന്നും തളിർത്തു നിറയെ പൂവിട്ടു നിൽക്കുകയാണ് , അത് കണ്ടപ്പോളാണ് സന്ധ്യ മയങ്ങി എന്നയാൾ തിരിച്ചറിഞ്ഞത്.
വീട്ടിലേക്കു പോവാം എന്ന് കരുതിയെങ്കിലും , ഒന്നാലോചിച്ച ശേഷം അയാൾ ആ പൂക്കളൊക്കെ നുള്ളിയെടുത്തു തുടങ്ങി , ഇനിയൊരിക്കൽ ഇതിനാവില്ല എന്നയാൾക്ക് ഉറപ്പായിരുന്നു ...
രവിക്ക് വീടിനുള്ളിൽ എങ്ങും അയാളെ കാണാൻ കഴിഞ്ഞില്ല , പുറത്തെവിടെയെങ്കിലും ഉണ്ടാവാം അല്ലെങ്കിൽ രാവിലേ നടക്കാൻ പോയതാവാം എന്ന് കരുതി ഭക്ഷണം വെച്ച ശേഷം അവൻ തിരികെ പോയി .
മഹാഗണികളുടെ കൊഴിഞ്ഞു വീണ ഇലച്ചാർത്തുകൾക്കു മുകളിൽ , മുല്ലപ്പൂക്കളുടെ സൗഗന്ധത്തിനു നടുവിൽ , തലമുറകളുടെ തളിരാർന്ന ഓർമകളുടെ നിറവിൽ , പ്രണയത്തിന്റെ കുളിരിൽ , പ്രണയഭംഗത്തിന്റെ നിതാന്തമായ നോവിൽ , മനസ്സ് നിറച്ചയാൾ കിടന്നു , ജീവിതത്തിൽ അന്നോളം ഇല്ലാത്ത ശാന്തിയും സംതൃപ്തിയും അയാളെ പൊതിഞ്ഞിരുന്നു.....